ദരിദ്രനായൊരു വൃദ്ധബ്രാഹ്മണന്റെ ചിത്രമാണ് ‘കുചേലന്’ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടി വരിക. പഴയകാല മലയാള കവികള്‍ ഇത്തരമൊരു വാങ്മയ ചിത്രമാണല്ലോ നമുക്ക് പരിചയപ്പെടുത്തിയിട്ടുള്ളത്.
ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ മഹാദരിദ്രനും വിശപ്പുകൊണ്ടു തളര്‍ന്നവനും സ്വന്തം ശിശുക്കളെ കണ്ട് വിഷാദിക്കുന്നവനുമാണ് കുചേലന്. ‘ഇല്ലങ്ങളില്‍ ചെന്ന് നടന്നിരക്കുന്ന’, ‘ഉഴക്കുചോറുകൊണ്ട് ഒരു വാസരാന്തം’ കഴിച്ചുകൂട്ടുന്ന, അഞ്ചാറു ജനങ്ങളെ പോറ്റുന്ന ഗൃഹസ്ഥനുമാണ് അദ്ദേഹം. രാമപുരത്തു വാര്യര്‍ ‘മുണ്ടില്‍ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും രണ്ടും കൂടി കക്ഷത്തിലൊതുക്കി’ ദ്വാരകയിലെത്തുന്ന കുചേലനെയും സതീര്‍ഥ്യനെ നിറഞ്ഞ കണ്ണുകളോടെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ദ്വാരകാനാഥനെയുമാണ് കാണിച്ചു തരുന്നത്. ഇങ്ങനെ എത്രയെത്രയോ ചിത്രങ്ങള്‍.
എന്നാല്‍ വേദവ്യാസ മഹര്‍ഷി ഭാഗവതത്തില്‍ വര്‍ണിക്കുന്ന കുചേലന് ഇങ്ങനെയൊന്നുമല്ല. സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ വച്ചാണ് കൃഷ്ണ കുചേലന്മാര് സതീര്ഥ്യരായത്. കുചേലന് എന്ന പദത്തിന് കുത്സിതമായ (പഴയ) വസ്ത്രം ധരിക്കുന്നവന് എന്നു മാത്രമേ അര്‍ഥമുള്ളൂ. ‘ദമം’ എന്നാല്‍ ഇന്ദ്രിയ നിഗ്രഹം. ഇന്ദ്രിയങ്ങളെ വേണ്ടപോലെ നിയന്ത്രിച്ചവനാണ് സുദാമാവ്. അദ്ദേഹത്തിന്റെ യഥാര്‍ഥ നാമമെന്തെന്ന് വേദവ്യാസന് വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസം കഴിഞ്ഞ് കൃഷ്ണന് ദ്വാരകയിലും കുചേലന് അദ്ദേഹത്തിന്റെ ഗ്രാമത്തിലും ഗൃഹസ്ഥാശ്രമികളായി കഴിഞ്ഞു. കൃഷ്ണന്റെ ജീവിതം സമ്പല്‍സമൃദ്ധം. കുചേലന്റേത് പരമദയനീയവും. അദ്ദേഹത്തിന്റെ കുട്ടികളെക്കുറിച്ച് ഭാഗവതത്തില്‍ പറഞ്ഞിട്ടില്ല. മനസ്സിന്റെ അസംതൃപ്തിയാണല്ലോ യഥാര്‍ഥത്തിലുള്ള ദാരിദ്ര്യം. ആ നിലയ്ക്ക് കുചേലന് സമ്പന്നനായിരുന്നു.
തന്റെ സതീര്‍ഥ്യനായിരുന്ന കൃഷ്ണനെക്കുറിച്ചുള്ള സ്മരണയില്‍ മുഴുകിയ കുചേലന് സദാ ആഹ്ലാദഭരിതനായിരുന്നു. ഭൗതിക സുഖസൗകര്യങ്ങളെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ ഒരിക്കലും അലട്ടിയിരുന്നില്ല. അതു കൊണ്ടു തന്നെ അദ്ദേഹം ആരോടും യാചിക്കാറുമില്ല. ഉത്തമ ബ്രാഹ്മണര്‍ക്ക് യാചന നിഷിദ്ധവുമാണ്.
വളരെക്കാലത്തിനു ശേഷം പത്നി പ്രേരിപ്പിച്ചതു കൊണ്ടു മാത്രമാണ് കുചേലന് കൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്ക് പുറപ്പെട്ടത്. കുചേലപത്നി യാചിച്ചു നേടിയ നാലുപിടി അവില് മാത്രമായിരുന്നു കൈയിലുണ്ടായിരുന്നത്. കുചേലനല്ല, കുചേലപത്നിയാണ് യാചിച്ചത്. അതും തനിക്കു വേണ്ടിയല്ല, ഭഗവാനു വേണ്ടി. അവരുടെ ജീവിതത്തില്‍ ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമേ യാചന ഉണ്ടായിട്ടുള്ളൂ. കുചേലനാകട്ടെ ഭഗവാനോടു പോലും ഒന്നും യാചിച്ചിട്ടില്ല.
സമ്പല്സമൃദ്ധമായ ദ്വാരകാപുരിയിലേക്ക് തനിക്ക് പ്രവേശിക്കാന്‍ കഴിയുമോ എന്നു പോലും ആ സാധു സംശയിച്ചു. പക്ഷേ കുചേലനെ വിസ്മയപ്പെടുത്തിയ സ്വീകരണമായിരുന്നു അവിടെ കിട്ടിയത്. ദ്വാരകാനാഥനായ ഭഗവാന് സുഹൃത്തിനെ ദൂരെ കണ്ടപ്പോഴേക്കും ഓടിയെത്തി കണ്ണീരോടെ ആലിംഗനം ചെയ്തു. കുചേലന് ഒളിച്ചു വയ്ക്കാന്‍ ശ്രമിച്ച അവില്‍ക്കിഴി ഭഗവാന് പിടിച്ചു വാങ്ങി. അതില്‍ ഒരു പിടി അവില് മാത്രമേ ഭഗവാന് സ്വീകരിച്ചുള്ളൂ. അതോടെ കുചേലന് വേണ്ടതും അതില്‍ അധികവും ലഭിച്ചു. ശേഷിച്ച അവില് സ്വീകരിച്ചത് ലക്ഷ്മീദേവിയാണ്.
കുചേലന് തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ കുടില്‍ കൊട്ടാരമായി കഴിഞ്ഞിരുന്നു. സുഖവും ദുഃഖവും ഒരു പോലെ ഒരു പോലെ ഭഗവദ് പ്രസാദമായി സ്വീകരിച്ചു എന്നതാണ് ആ മഹാത്മാവിന്റെ പ്രത്യേകത.
എളങ്കുന്നപ്പുഴ ദാമോദര ശര്‍മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: