തിരുവനന്തപുരം: ഭക്തിപ്രസ്ഥാനത്തിന്റെ സിന്ദൂരതിലകം എന്ന് വിശേഷിപ്പിക്കാവുന്ന ആ ഉല്കൃഷ്ടരചനയായിരുന്നു സുഗതകുമാരിയുടെ ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിത എന്ന് തപസ്യ മുന്‍ അധ്യക്ഷന്‍ പി നാരായണക്കുറുപ്പ്.
കലികാലവിലാസത്തിനിടെ, മലയാളത്തിന് നല്‍കിയതിന് സുഗതയെ അഭിനന്ദിച്ചേ പറ്റുവെന്ന് അദ്ദേഹം അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനെ ഉണ്ണിക്കണ്ണനായി കാണാനാണ് കവിക്ക് കൂടുതലിഷ്ടം. ഒട്ടേറെ കൃഷ്ണ കവിതകളുള്ളതില്‍ കവിതയുടേതായ കൃഷ്ണദര്‍ശനം, ‘ചെറുശ്ശേരിക്കുപോലും ലഭിക്കാത്ത ദര്‍ശനം’ നമുക്ക് ബോധ്യപ്പെടുന്നത്. ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന കവിതയിലാണ്.
‘കൃഷ്ണാ നീ എന്നെ അറിയില്ല, എന്ന് ആവര്‍ത്തിച്ചുള്ള നിഷേധവചനം അറിയും എന്ന സുദൃഢ വിശ്വാസത്തെയാണ് വിളംബരം ചെയ്യുന്നത്. അറിയില്ല എന്ന് പറയാന്‍ കാരണം വളരെ വിചിത്രം തന്നെ, നോക്കൂ.
വെള്ളംകോരാന്‍ ഇറങ്ങുന്നു എന്ന ഭാവത്തില്‍ ഞാന്‍ കാളിന്ദിയാറ്റില്‍, നിന്നെക്കാണാന്‍ വേണ്ടി ഇറങ്ങിയിട്ടില്ല. നദിക്കരയില്‍ മരക്കൊമ്പില്‍ എന്റെ ഉടയാട മോഷ്ടിച്ച് നീ കയറിയിരുന്നപ്പോള്‍ ഞാന്‍ അത് യാചിച്ചുതിരികെ മേടിച്ചില്ല.
ഒരു ഓടക്കുഴല്വിളികേട്ട ദിക്കിലേക്ക്, സ്വന്തം കുട്ടികളെയും ഭര്‍ത്താവിനെയും വിസമരിച്ചുകൊണ്ട് ഞാന്‍ ഓടിയെത്തിയിട്ടില്ല. ഈവിധത്തില്‍ കൃഷ്ണനും കവിയും തമ്മിലുള്ള ആത്മഐക്യം, കവി സ്വയം ഗോപികയായി മാറുന്നതിലൂടെ ആത്മവിസ്മൃതിയിലൂടെ ഒരു സത്യമായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു. ഭാവാവിഷ്കാരത്തിന്റെ ഒരു നവീനമാതൃക.
വിരുദ്ധോക്തി എന്ന അലങ്കാരമല്ല ഇത്. അദൈ്വതബോധം എന്ന വേദാന്തത്തിലെ കാഴ്ചപ്പാടിന്റെ ഹൃദയസ്പര്‍ശിയായ വിവരണമാണ്. പാശ്ചാത്യവല്ക്കരണവും കമ്പോള സംസ്കാരവും നിമിത്തം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടുപോയ ഈശ്വരാനുഭൂതി അതിന്റെ സ്ഥാനത്ത് വിളിച്ചുവരുത്തിയ ശൂന്യതാബോധവും ആശാഭംഗവും ആണ് ഈ കവിതയിലെ അറിയില്ല എന്ന അടിവരയിട്ട പ്രയോഗത്തിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം. പി നാരായണക്കുറുപ്പ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: