തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം നാലമ്പലത്തിലേക്ക് ദേവസ്വം മന്ത്രി കടകംപ്പിള്ളി സുരേന്ദ്രനും ദേവസ്വം ചെയര്‍മാന്റെ ബന്ധുക്കളും പ്രവേശിച്ചത് ചട്ട ലംഘനമാണെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ചട്ടലംഘനം നടത്തിയ ദേവസ്വം ചെയര്മാന് മോഹന്‍ ദാസിനെതിരെ നടപടി സ്വീകരിക്കണം. ചട്ട ലംഘനം മറച്ചു പിടിക്കാനാണ് സംഭവം കഴിഞ്ഞു നാലമ്പലത്തിലേക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയത്. ഗുരുവായൂര്‍ ക്ഷേത്രത്തെ സ്വന്തം വീട്ടു കാര്യമാക്കി മാറ്റുകയാണ് ചെയര്മാന് ചെയുന്നതെന്നും നാഗേഷ് പറഞ്ഞു.
ഭരണ സമിതി അംഗങ്ങള്‍ നോക്കു കുത്തികളായി മാറി കഴിഞ്ഞു. വിശ്വാസികളെ വഞ്ചിക്കുന്ന ചെയര്‍മാന്റെ നിലപാടിനെതിരെ രംഗത്ത് വരാന്‍ ഭരണ സമിതി അംഗങ്ങള്‍ തയ്യാറാകണം. കഴിഞ്ഞ ദിവസം ദേവസ്വം ഫണ്ട് ചട്ടങ്ങള്‍ മറി കടന്നു ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് തിരിച്ചു നല്കാന് ഹൈകോടതി ഉത്തരവ് ഇട്ടിരുന്നു. തുടരെ തുടരെ തിരിച്ചടികള്‍ നേരിടുന്ന ദേവസ്വം ചെയര്മാന് ഈ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും നാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: