കൊല്ലം: ദേശീയതയുടെ ശബ്ദം ഇനി കൊല്ലം കോര്‍പ്പറേഷനില്‍ മുഴങ്ങുന്നത് ആറുപേരിലൂടെ. തേവള്ളിയില്‍ നിന്നുള്ള ബി. ഷൈലജയാണ് ഇതില്‍ ഏറ്റവും മുതിര്‍ന്ന കൗണ്‍സിലര്‍. കടപ്പാക്കടയില്‍ നിന്നുള്ള കൃപ വിനോദാണ് ഇളയയാള്‍. അഭിലാഷ് (ഉളിയക്കോവില്‍), ടി.ജി. ഗിരീഷ് (മങ്ങാട്), അനീഷ്കുമാര്‍ (പാലത്തറ), സജിതാനന്ദ്(ആശ്രാമം) എന്നിവരുമുണ്ട്.
ഇന്നലെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ആറുപേരെയും മുന്‍ നിരയില്‍ അണിനിരത്തി ചിന്നക്കടയില്‍ നിന്നും ആരംഭിച്ച റാലിയില്‍ പ്രവര്‍ത്തകരുടെ ആവേശം അലയടിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. മുരളീധരന് എന്നിവരും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സി. കേശവന് സ്മാരക ടൗണ്‍ ഹാളില്‍ എത്തി.
രാവിലെ ഓലയില്‍ മാധവസദനത്തില്‍ ഭാരംതാംബയുടെ പാദുകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആറുപേരും സത്യപ്രതിജ്ഞ ചെയ്യാന്‍ പുറപ്പെട്ടത്. വസതിക്ക് മുന്നില്‍ ഭര്‍ത്താവ് സുനിലിന്റെയും മകള്‍ കോകിലയുടെയും ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ഷൈലജ സത്യപ്രതിജ്ഞയ്ക്ക് പുറപ്പെട്ടത്.
അനീഷിന്റെ പ്രതിജ്ഞ കൂനമ്പായിക്കുളത്തമ്മയുടെ പേരില്‍
പാലത്തറയില് നിന്നുള്ള ബിജെപി കൗണ്‍സിലര്‍ എ. അനീഷ്കുമാര്‍ പ്രതിജ്ഞയെടുത്തത് വലിയകൂനമ്പായിക്കുളത്തമ്മയുടെ നാമത്തില്‍. ദേവീഉപാസകനും കൂനമ്പായികുളം ക്ഷേത്രം സെക്രട്ടറിയുമാണ് അനീഷ്.
കൗണ്‍സിലിലെ മുതിര്‍ന്ന അംഗമായ ജോര്‍ജ് ഡി. കാട്ടിലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 39 എല്‍ഡിഎഫ് അംഗങ്ങളും ദൃഢപ്രതിജ്ഞയെടുത്താണ് ചുമതലയേറ്റത്. ചാത്തിനാംകുളത്തെ എസ്ഡിപിഐ അംഗം കൃഷ്ണേന്ദുവാകട്ടെ പ്രതിജ്ഞ ചൊല്ലിയത് ഈശ്വരനാമത്തിലായിരുന്നു. യേശുക്രിസ്തുവിന്റെ നാമത്തില്‍ കോണ്‍ഗ്രസ് അംഗം സുനില്ജോസും പ്രതിജ്ഞയെടുത്തു. വരണാധികാരിയായ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നടപടികള്‍ നിയന്ത്രിച്ചു.
സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാനേതാക്കള്‍ പരിപാടിക്ക് എത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് പരിപാടിയെങ്കിലും ഒരുഘട്ടത്തില്‍ ടൗണ്ഹാളിനുപുറത്തും റോഡിലും തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പണിപ്പെട്ടു. ജില്ലാ പഞ്ചായത്തിലെ സത്യപ്രതിജ്ഞയും ഇന്നലെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: