എഴുകോണ്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് പരാജയപ്പെട്ട പാര്‍ട്ടി അംഗവും ഭര്‍ത്താവും സിപിഎമ്മില്‍ നിന്നും രാജിവച്ചു. എഴുകോണ്‍ 15-ാം വാര്‍ഡില്‍ (ചീരന്‍കാവ് വാര്‍ഡ്) സ്ഥാനാര്‍ഥിയായി മത്സരിച്ച ലതാ പ്രബലനും ഭര്‍ത്താവ് ആര്. പ്രബലനുമാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ സഹായിക്കുന്ന സമീപനം കൈകൊണ്ടെന്ന് ആരോപിച്ചാണ് രാജി.
ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള ചില അംഗങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ജുരാജിനായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ലതാപ്രബലന് തോറ്റതെന്നും അതിനാലാണ് പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുന്നത് എന്നും പ്രബലന്‍ പറഞ്ഞു.
ചീരന്‍കാവ് വാര്‍ഡിലെ രണ്ട് ബൂത്തുകളിലുമായി ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്ക് 452 വോട്ടാണ് കിട്ടിയത്. എന്നാല്‍ ലതാപ്രബലനാകട്ടെ 438ഉം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 439 വോട്ടും ലഭിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയ്ക്ക് 65 വോട്ടിന്റെ ലീഡ് ഉള്ള ബൂത്തില്‍ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞത് അട്ടിമറിയിലൂടെയാണെന്ന് പ്രബലന്‍ ആരോപിച്ചു. ലതാ പ്രബലന്‍ രണ്ട് തവണ പഞ്ചായത്ത് അംഗം ആയിട്ടുണ്ട്. നിലവില്‍ മഹിളാ അസോസിയേഷന് വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: