പ്രളയകാലത്തും കൊവിഡ് കാലത്തുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 10 കോടി രൂപ നല്‍കിയത് തിരികെ നല്‍കണമെന്ന ഹൈക്കോടതി വിധി ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിയമവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ നടപടിയെ തുറന്നുകാട്ടിയിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്ര സ്വത്തിന്റെ അവകാശി ഗുരുവായൂരപ്പനാണെന്നും, ട്രസ്റ്റി എന്ന നിലയില്‍ സ്വത്ത് സംരക്ഷിക്കല്‍ മാത്രമാണ് ദേവസ്വത്തിന്റെ ചുമതലയെന്നും പറഞ്ഞ ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ച്, ഇക്കാര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്കാന് സര്‍ക്കാരിന് അധികാരമില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും പണം നല്കുന്നതിനാല് ദേവസ്വത്തിലേത് മതേതര സ്വഭാവമുള്ള പണമാണെന്നും, ഇത് ക്ഷേത്രേതരമായ ആവശ്യങ്ങള്‍ക്ക് നല്കുന്നതില് തെറ്റില്ലെന്നുമുള്ള ദേവസ്വത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഭക്തജനങ്ങള്‍ വഴിപാടായി നല്കിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നു കാണിച്ച് ഹിന്ദു ഐക്യവേദിയും കേരളാ ക്ഷേത്ര സംരക്ഷണ സമിതിയും മറ്റും നല്കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ക്ഷേത്ര വിശ്വാസികള്‍ക്ക് പൊതുവെയും, ഗുരുവായൂരപ്പന്റെ ഭക്തന്മാര്ക്ക് പ്രത്യേകിച്ചും സന്തോഷം പകരുന്ന വിധി നീതിപീഠത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.
നിരീശ്വരവാദികള്‍ നയിക്കുന്ന ഒരു സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് ഹിന്ദുവിരുദ്ധമായ നടപടിയുണ്ടായത്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ ഫണ്ടു വകമാറ്റലിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലിരിക്കുമ്പോഴാണ് വീണ്ടും അഞ്ചുകോടി രൂപ കൂടി കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ദേവസ്വം ബോര്‍ഡില്‍നിന്ന് വകമാറ്റിയ തുക തിരിച്ചടപ്പിച്ച കോടതി ഉത്തരവ് മുന്കാലത്തുമുണ്ടായിട്ടുണ്ട്. ഇതൊന്നും മാനിക്കാതെയാണ് രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ഭക്തജനങ്ങളുടെ കാണിക്കപ്പണം തോന്നിയപോലെ വിനിയോഗിക്കാന്‍ ദേവസ്വം അധികൃതര്‍ തുനിഞ്ഞത്. യഥാര്‍ത്ഥത്തില്‍ കൊവിഡ് ലോക്ഡൗണിന്റെ മറവില്‍ ദേവസ്വത്തിന്റെ ഒത്താശയോടെ ഭക്തരുടെ പണം പിണറായി സര്‍ക്കാര്‍ കൊള്ളചെയ്യുകയായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്ററും മൂന്നു അംഗങ്ങളും മാത്രം പങ്കെടുത്ത ഭരണസമിതി യോഗത്തിന്റെ തീരുമാനത്തിന് ഒരു ഗൂഢാലോചനയുടെ സ്വഭാവമാണുണ്ടായിരുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ വ്യാപകമായ വെട്ടിപ്പ് നടന്നതായി ആരോപണമുയരുകയും, ഭരണകക്ഷിയായ സിപിഎമ്മിന്റെ പല നേതാക്കളും കേസില്‍പ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണവും സര്‍ക്കാര്‍ കവര്‍ന്നത്.
പ്രളയ ദുരിതാശ്വാസ നിധിയിലേക്കും കൊവിഡ് പ്രതിരോധത്തിനും മറ്റും ഭക്തജനങ്ങള്‍ പണം നല്‍കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. അത് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ ഭക്തജനങ്ങള്‍ വിശ്വാസപൂര്‍വം ഭഗവാന് സമര്‍പ്പിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്കായി നല്‍കുന്നത് ഒരുതരം വഞ്ചനയാണ്. ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിപോലും ഉണ്ടായിരിക്കെ ഭക്തജനങ്ങളെ അവഹേളിക്കുന്നതിനും, ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്നതിനുമാണ് ദേവസ്വം ഫണ്ട് വകമാറ്റിയത്. ക്ഷേത്രങ്ങളിലെ പണം മതേതരമാണെന്നും, ക്ഷേത്രേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ശഠിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഈ മാനദണ്ഡം മറ്റ് മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളുടെ കാര്യത്തില്‍ ബാധകമാക്കുന്നില്ല? മതേതരത്വത്തിന്റെ മറവില്‍ ഹിന്ദുക്കളെ ചൂഷണം ചെയ്യുകയും, ഇതര മതസ്ഥരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന നയം സാമാന്യനീതിയുടെ ലംഘനമാണ്. ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ മാത്രം കയ്യടക്കിവച്ചിരിക്കുന്നത് അനുവദിക്കാനാവില്ല. ഇപ്പോഴത്തെ വിധി ക്ഷേത്ര വിമോചനത്തിനുവേണ്ടി പോരാടുന്ന ഹൈന്ദവ സംഘടനകള്‍ക്ക് ആവേശം പകരുന്നതാണ്. ബഹുജനപ്രക്ഷോഭങ്ങള്ക്കൊപ്പം നിയമപ്പോരാട്ടങ്ങള്‍ കൂടി നടത്തിയാലേ ഈ ലക്ഷ്യം നേടിയെടുക്കാനാവൂ. നീതിബോധമുണ്ടെങ്കില്‍ ഇപ്പോഴത്തെ വിധിയുടെ വെളിച്ചത്തില്‍ ഇടതുമുന്നണി സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും ഹിന്ദുസമൂഹത്തോട് മാപ്പ് പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: