ന്യൂദല്‍ഹി : നിര്‍ത്തിവെച്ചിരുന്ന ഇന്ത്യ- ബംഗ്ലാദേശ് ട്രെയിന്‍ ഗതാഗതം വീണ്ടും പുനരാരംഭിച്ചു. 1965 മുതല്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയും ഓണ്‍ലൈനിലൂടെയാണ് തുടക്കമിട്ടത്.
ബംഗാളിലെ ഹല്‍ദിബാരി മുതല്‍ ബംഗ്ലാദേശിലെ ചിലഹരി വരെ ബന്ധപ്പെടുത്തിക്കൊണ്ടാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ പതയിലൂടെ ചരക്കു നീക്കം മാത്രമാകും നടത്തുക, യാത്രാ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക പിന്നീടാകും. അയല്‍പ്പക്ക നയത്തില്‍ ഇന്ത്യയുടെ നെടും തൂണാണ് ബംഗ്ലാദേശെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. അധികാരത്തിലേറിയതു മുതല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇതിനോട് പൂര്‍ണ്ണ സഹകരണമാണ് നല്‍കുന്നത്. കൊറോണ വ്യാപനം ഈ വര്‍ഷം ലോകത്തിന് വലിയ വെല്ലുവിളിയാണെന്ന കാര്യം വാസ്തവമാണ്. എന്നാല്‍ ഇതിനിടയിലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും സഹകരണവും ദൃഢമാണ്. യാതൊരു കോട്ടവും ഉണ്ടായിട്ടില്ല. ഇനി അടുത്തതായി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ചിലഹതി- ഹല്‍ദിബാരി റെയില്‍ പാത ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായകമായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഹസീന ഇന്ത്യയെ ബംഗ്ലാദേശിന്റെ യഥാര്‍ത്ഥ സുഹൃത്താണെന്ന് വിശേഷിപ്പിച്ചു. 1971 ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഞങ്ങളുടെ വിമോചനത്തിനായി പൂര്‍ണ്ണഹൃദയത്തോടെ പിന്തുണ നല്കിയ സര്‍ക്കാരിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും താന്‍ നന്ദിയര്‍പ്പിക്കുന്നുവെന്നും ഷേയ്ഖ് ഹസീന അറിയിച്ചു.
ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടതിനോടൊപ്പം ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ബാംഗബന്ധു- ബാപ്പു ഡിജിറ്റല്‍ എക്സിബിഷനും ഉദ്ഘാടനം ചെയ്തു. ഇതിന് പുറമേ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഇരു രാജ്യങ്ങളും ചേര്‍ന്ന് തയ്യാറാക്കിയ സ്റ്റാമ്പും പുറത്തിറക്കി.
ഇന്ത്യയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സ്ഥലമായ ചിക്കന്‍നെക്ക് (സിലിഗുരി ഇടനാഴി) വഴിയാണ് ഈ പാത കടന്നുപോകുന്നത്. അതുകൊണ്ടു തന്നെ പ്രദേശത്തെ വികസനവും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശ്, ഭൂട്ടാന്, ചൈന, നേപ്പാള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടതാണ് സിലിഗുരി ഇടനാഴി.
അന്താരാഷ്ട്ര അതിര്‍ത്തിമുതല്‍ ഹല്‍ദിബാരി റെയില്‍വേ സ്റ്റേഷന് വരെ 4.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. എന്നാല്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 75 കിലോമീറ്ററോളം നീളത്തിലുള്ള റെയില്‍വേ പാതയാണ് വികസിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: