കാതലായ രാഷ്ട്രീയ മാറ്റത്തിന്റെ വ്യക്തമായ സൂചന നല്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കുന്നു. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകള്‍ ഏറെക്കുറെ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞപ്പോള്‍ യുഡിഎഫിന് കനത്ത തിരിച്ചടിയേറ്റു. ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപ്പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായി. മുനിസിപ്പാലിറ്റികളില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. രണ്ട് മുന്നണികളെയും അപേക്ഷിച്ച് വ്യക്തമായ മുന്നേറ്റമുണ്ടാക്കിയിട്ടുള്ളത് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയാണ്. അപ്രതീക്ഷിത വിജയത്തില്‍ വലിയ അവകാശവാദങ്ങളുമായി സിപിഎം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും അത്രയൊന്നും അഭിമാനിക്കാനുള്ള വക അവര്‍ക്കില്ല. ചില അടിയൊഴുക്കുകള്‍ അവര്‍ക്ക് അനുകൂലമായിട്ടുണ്ട്. ചരിത്രത്തിലാദ്യമാണെന്നു പറയാം, സിപിഎമ്മിന്റെ ഔദ്യോഗിക ഭാരവാഹികള്‍ പലരും ഇക്കുറി മത്സരിച്ചത് പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല. പരാജയഭീതിയായിരുന്നു ഇതിനു പിന്നില്‍. ഇവരില്‍ പലരും ജയിച്ചു കയറിയിട്ടുണ്ടെങ്കിലും അത് അരാഷ്ട്രീയ വിജയമായി കണക്കാക്കേണ്ടിവരും. നിഷേധാത്മകമായ പല ഘടകങ്ങളും ഇതിലുണ്ട്. നേരെ മറിച്ചായിരുന്നു ബിജെപി. പാര്‍ട്ടി ചിഹ്നമായ താമരയിലാണ് ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും മത്സരിച്ചത്.
കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന യുഡിഎഫിന് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വോട്ടുള്ള കോഴിക്കോട്ട് അഴിയൂര്‍ പഞ്ചായത്ത് വാര്‍ഡിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് പ്രതീകാത്മകമാണ്. പ്രചാരണ കാലത്തുടനീളം കോണ്‍ഗ്രസ്സ്-യുഡിഎഫ് നേതാക്കള്‍ പ്രകടിപ്പിച്ച ആത്മവിശ്വാസവും ആവേശവും ജനവിധിയോടെ ആവിയായിപ്പോയിരിക്കുന്നു. വലിയ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അഴിമതിക്കേസുകളില്‍ സിപിഎമ്മുമായി ഒത്തുകളിക്കുന്ന കോണ്‍ഗ്രസ്സിനെ വിശ്വസിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായില്ല. എന്നുമാത്രമല്ല, കേരളത്തിനു പുറത്ത് എവിടെയൊക്കെ ഇടതുപാര്ട്ടികളുണ്ടോ അവിടങ്ങളില്‍ അവരുമായി സഖ്യത്തിലായ കോണ്‍ഗ്രസ്സിന്റെ ഇവിടുത്തെ എതിര്‍പ്പ് ജനങ്ങള്‍ വെറും പ്രഹസനമായി കണ്ടു. വാശിയേറിയ മത്സരം നടന്ന ഗ്രാമപ്പഞ്ചായത്തുകളില്‍ യുഡിഎഫിന് വലിയ തോതില്‍ സീറ്റ് നഷ്ടമാവാന്‍ ഇത് കാരണമായി. കോണ്‍ഗ്രസ്സുകാര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ തങ്ങള്‍ക്കാണ് വോട്ടുചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പറഞ്ഞിരുന്നല്ലോ. അതുതന്നെ സംഭവിച്ചു.
ഈ തെരഞ്ഞെടുപ്പിലെ കറുത്ത കുതിര ബിജെപിയാണെന്ന് രാഷ്ട്രീയ പ്രതിയോഗികള്‍പോലും സമ്മതിക്കും. പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ച ഗ്രാമപ്പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വലിയ മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയിരിക്കുന്നത്. അധികാരത്തിലിരുന്ന പാലക്കാട് മുനിസിപ്പാലിറ്റിക്കു പുറമെ പന്തളം മുനിസിപ്പാലിറ്റിയും പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളിലും ഇരുമുന്നണികളെയും നേരിട്ട്, ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തിളങ്ങുന്ന വിജയം നേടിയിരിക്കുന്നു. ചിലയിടങ്ങളില്‍ ആര് ഭരിക്കണമെന്നുപോലും തീരുമാനിക്കുക ബിജെപിയായിരിക്കും. പലയിടങ്ങളിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. കോര്‍പ്പറേഷനുകളുടെ കാര്യമെടുത്താലും വോട്ടിന്റെയും സീറ്റിന്റെയും നിലവച്ച് ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ആറ് കോര്പ്പറേഷനകളിലും ബിജെപി പ്രാതിനിധ്യം നേടിയിരിക്കുന്നു. ബിജെപി ഭരണം പിടിക്കുമെന്ന് കരുതിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അതിനു കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റു നിലനിര്‍ത്തി. ബിജെപിയെ തടയാന്‍ കോണ്‍ഗ്രസ്സ് മൊത്തമായി എല്‍ഡിഎഫിന് വോട്ടു മറിക്കുകയായിരുന്നുവെന്ന് അവര്‍ക്ക് ലഭിച്ച നാമമാത്രമായ സീറ്റുകള്‍ തെളിയിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ജയം അട്ടിമറിക്കാന്‍ മറ്റിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും വ്യാപകമായി പരസ്പരം വോട്ടുകള്‍ മറിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ സന്ദേശം വ്യക്തമാണ്. കാതലായ രാഷ്ട്രീയ മാറ്റത്തിന് വേദിയൊരുങ്ങിയിരിക്കുന്നു. കാവിയുടെ മുന്നേറ്റം വലിയ തുടക്കമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: