ഒരു മുഖ്യമന്ത്രിയുടെ അധഃപതനംഅധോലോക സംഘത്തെപ്പോലെ ആയിത്തീര്‍ന്ന ഭരണത്തിലെ അഴിമതി പരമ്പരയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കെ അതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് കലിതുള്ളുന്നതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകാന്‍ പോകുന്നില്ല. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും സ്വന്തം പാര്‍ട്ടിയുടെ നേതാക്കളും ആരോപണ വിധേയരായ കേസുകളില്‍ പിടിയിലാവാന്‍ പോകുന്ന വന്‍ സ്രാവ് താനാണെന്ന് തിരിച്ചറിയുമ്പോഴുള്ള മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. യുപിഎ ഭരണകാലത്തെ സഹസ്രകോടികളുടെ അഴിമതികളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാവുകയും, ജയിലിലാവുകയും ചെയ്ത കോണ്‍ഗ്രസ്സ് നേതാക്കളെ ധീരനായകന്മാരായി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി തനിക്കും ഇങ്ങനെയൊരു ഗതി വരുമെന്ന് മുന്‍കൂട്ടി കണ്ട് പ്രതിരോധം തീര്‍ക്കുകയാണ്. അഴിമതിയുടെ അവതാരങ്ങളായ കോണ്‍ഗ്രസ്സ് നേതാക്കളുമായി ഐക്യം പ്രഖ്യാപിച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതാക്കളുമായുള്ള ഒത്തുകളി എളുപ്പമാവുമെന്നാണ് പിണറായി കരുതുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും സഖ്യത്തിലായിരിക്കെ നിങ്ങളിലൊരാളായ എനിക്കെതിരെ എന്തിന് കോലാഹലമുണ്ടാക്കണമെന്നാണ് മുഖ്യമന്ത്രി കേരളത്തിലെ കോണ്ഗ്രസ്സുകാരോട് ചോദിക്കുന്നത്.
അസുഖം നടിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറി നടക്കുകയായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് പിടിയിലാകുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി ഇല്ലാത്ത ധൈര്യം പ്രകടിപ്പിക്കുകയാണ്. രവീന്ദ്രനെതിരെ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരിക്കാനിടയുള്ള തെളിവുകളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ധാരണയുണ്ട്. ഇക്കാര്യത്തില്‍ എങ്ങനെയൊക്കെ മൊഴി നല്‍കണമെന്ന് പരിശീലിപ്പിക്കാന്‍ വേണ്ടിയാണ് രവീന്ദ്രന്റെ അസുഖം നടിക്കലും ആശുപത്രി വാസവും. രവീന്ദ്രനെ പഠിപ്പിക്കലും നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കലും പൂര്‍ത്തിയായിട്ടുണ്ടാവാം. ഇതിനാലാണ് രവീന്ദ്രന് ഇഡിക്കു മുന്നില്‍ ഹാജരാകുമെന്നും, അന്വേഷണ ഏജന്‍സി ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും മുഖ്യമന്ത്രി ധൈര്യം പകരുന്നത്. പോലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് യാതൊരു മറയുമില്ലാതെ അഴിമതിക്കേസുകള്‍ അട്ടിമറിക്കുന്ന മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്. ജനരോഷം ഭയന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയോ, പോസ്റ്ററുകളില്‍ സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തുകയോ ചെയ്യാതിരുന്ന ഈ ഭരണാധികാരി രാഷ്ട്രീയ കേരളത്തിന് അപമാനമാണ്. ഇത് തിരിച്ചറിയുന്നവരാണ് വോട്ടര്‍മാരെന്ന് മുഖ്യമന്ത്രി മറന്നുപോകുന്നു.
ദേശപ്പെരുമയുടെ കഥാകാരന്
പാശ്ചാത്യ ഭാവനയുടെ വിഷം തീണ്ടാത്ത രചനകളിലൂടെ ആധുനിക മലയാള സാഹിത്യത്തിന് മൗലികശോഭയണച്ച എഴുത്തുകാരനായിരുന്നു യു.എ. ഖാദര്‍. ഉത്തര മലബാറിന്റെ മിത്തുകളിലൂടെയും ഐതിഹ്യങ്ങളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും സംസ്കാരത്തിന്റെ ആത്മാവിലേക്ക് പ്രവേശിച്ച കഥകളും നോവലുകളും ഓര്‍മക്കുറിപ്പുകളുമാണ് ഖാദര്‍ സമ്മാനിച്ചത്. അതുവരെ ആരും കൈവയ്ക്കാതിരുന്ന അനുഭവങ്ങളുടെ ഖനിയിലേക്ക് ഏകനായി സഞ്ചരിച്ച് ഒരു കാലത്തും തിളക്കം കെടാത്ത അമൂല്യ രചനകള്‍ ഈ ‘അക്ഷര’നിവാസിയില്‍നിന്ന് ലഭിച്ചു. എല്ലാ അര്‍ത്ഥത്തിലും എഴുത്തുകാരനായിരുന്ന ഖാദര്‍ അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളില്‍നിന്ന് എപ്പോഴും ഒഴിഞ്ഞുനിന്നു. നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെ മനസ്സിലാക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും, തനിമയോടെ ആവിഷ്കരിക്കുന്നതിലും ഖാദറിനെപ്പോലെ വിജയിച്ച എഴുത്തുകാര്‍ ചുരുങ്ങും. അംഗീകാരങ്ങള്‍ പലതും തേടിയെത്തിയിട്ടുണ്ടെങ്കിലും ഖാദറിന്റെ സര്‍ഗപ്രപഞ്ചം വേണ്ടത്ര പഠന വിധേയമായിട്ടില്ല. തൃക്കോട്ടൂര്‍ പെരുമ, വായേ പാതാളം, തൃക്കോട്ടൂര്‍ കഥകള്‍ തുടങ്ങിയ രചനകളുടെ വായന സംസ്കാരത്തിന്റെ ആഴക്കാഴ്ചകളിലേക്കാണ് അനുവാചകരെ കൊണ്ടുപോവുക. തപസ്യ കലാസാഹിത്യവേദിയെപ്പോലുള്ള പ്രസ്ഥാനങ്ങളുമായി ആത്മൈക്യം സ്ഥാപിച്ച മൗലികമായ പ്രതിഭയ്ക്ക് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: