കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ പുതിയ വിശദീകരണ പത്രിക സമര്‍പ്പിച്ചു. കേസിലെ പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതു തടയാനും വിചാരണ ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്നു കാണിച്ച് നേരത്തെ നല്‍കിയ വിശദീകരണ പത്രിക പിന്‍വലിച്ചാണ് പുതിയ പത്രിക നല്‍കിയത്.
കേസിലെ നാലാം പ്രതി ജെ.എം.ജെ ട്രേഡേഴ്‌സ് ഉടമ ജെയ്‌മോന്‍ ജോസഫിനു അന്യായമായി നേട്ടമുണ്ടാക്കാന്‍ പ്രതികള്‍ കൂട്ടു നിന്നെന്നും 11 കരാറുകളില്‍ മൂന്നെണ്ണത്തില്‍ നിന്നു മാത്രം 4.5 കോടി രൂപയുടെ നഷ്ടം കശുവണ്ടി വികസന കോര്‍പ്പറേഷനുണ്ടായെന്നും പുതിയ പത്രികയില്‍ വിശദീകരിച്ചിട്ടുണ്ട്. അന്വേഷണത്തിലൂടെ സിബിഐക്ക് ലഭിച്ച തെളിവുകളും വിവരങ്ങളും ശരിയായി പരിശോധിക്കാതെയാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ നല്‍കാമെന്നും സിബിഐ വ്യക്തമാക്കുന്നു.
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ വിദേശത്തു നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതിയുണ്ടെന്ന പ്രതികളായ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് എന്നിവരുടെ പേരില്‍ കുറ്റപത്രം നല്‍കാന്‍ അഴിമതി നിരോധന നിയമപ്രകാരം സിബിഐ സംസ്ഥാന സര്‍ക്കാരിനോടു പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഇതു നിരസിച്ചു. ഇതിനെതിരെ കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: