കൊച്ചി: ലഹരിക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയും സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും തമ്മിലുള്ള ബിസിനസ് ഇടപാടുകള്‍ അന്വേഷിക്കുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സക്കീര്‍ ഹുസൈന്, പാര്‍ട്ടിയെ അറിയിക്കാതെ നടത്തിയ ബാങ്കോക്ക് യാത്രകളിലെ ദുരൂഹതയെ തുടര്‍ന്നാണ് അന്വേഷണം.
സക്കീര്‍ ഹുസൈനെ സസ്പെന്‍ഡ് ചെയ്ത സിപിഎം കുറ്റം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. അതില്‍ സക്കീര്‍ ഹുസൈന് ആറു തവണയാണ് ബാങ്കോക്കില്‍ പോയതായി പറയുന്നത്. മയക്കുമരുന്നു വ്യാപാരത്തിനു കുപ്രസിദ്ധമായ ബാങ്കോക്കില്‍ സക്കീര്‍ ഹുസൈന് പോയത് ബിനീഷ് കോടിയേരിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്കാണെന്നാണ് സൂചനകള്‍.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും സിപിഎം കളമശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനും വലിയ സൗഹാര്‍ദത്തിലായിരുന്നു. പല കേസുകളില്‍ പെട്ടിട്ടും, പാര്‍ട്ടിയില്‍ പിണറായി വിജയന്റെ വിരുദ്ധ ഗ്രൂപ്പിലായ സക്കീറിന് സംരക്ഷണം ലഭിച്ചിരുന്നത് ഈ കാരണത്താലാണ്. ബിനീഷ് കോടിയേരിയുടെ ഇടപാടുകളുടെ ഭാഗമായാണ് മുമ്പ് ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി, സക്കീറും സംഘവും പണം വാങ്ങിയതെന്നും പറയപ്പെടുന്നു.
2018ല്‍ ബാങ്കോക്ക് യാത്ര കഴിഞ്ഞെത്തിയ സക്കീര്‍ ഹുസൈന് കൊച്ചിയിലെ ഒരു സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപ നിക്ഷേപിച്ചത് കണ്ടെത്തിയിട്ടുണ്ട്. പത്തു വര്‍ഷത്തിനിടെ സക്കീര്‍ ഹുസൈന് സമ്പാദിച്ച കോടികളുടെ സ്വത്തിന് ബിനീഷ് കോടിയേരിയുടെ ഇടപാടുകളുമായി ബന്ധമുണ്ട്. ബിനീഷിന്റെ കേസന്വേഷിക്കുന്ന ബെംഗളൂരു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയും സക്കീറിനെയും ചോദ്യം ചെയ്യേണ്ടി വരും. അങ്ങനെ വന്നാല്‍ എറണാകുളം കേന്ദ്രമായ ചില പ്രമുഖ സിപിഎം നേതാക്കളുടെ ബന്ധവും പുറത്തുവരാം. സക്കീറിനെ സംരക്ഷിക്കാന്‍ ജില്ലയിലെ നേതാക്കളില്‍ പ്രമുഖരായ ചിലരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: