തൃശൂര്‍: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് പ്രചരണം നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഭൂമിയില്‍ ഇറങ്ങുന്നില്ല. ജനങ്ങളെ അഭിമുഖീകരിക്കാന്‍ പിണറായി വിജയന് ഭയമാണ്. സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതികള്‍ കൊണ്ട് പിണറായിയുടെ മുഖം വികൃതമായ സാഹചര്യമാണ്. മുഖ്യമന്ത്രി കള്ളക്കടത്തിന് കൂട്ടുനിന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞു. അതിന് പ്രതിഫലവും ലഭിച്ചു. കേസിന്റെ അവസാനത്തില്‍ മുഖ്യ പ്രതിയായി പിണറായി വിജയന് മാറും.
സ്വപ്ന 164 വകുപ്പ് പ്രകാരം കൊടുത്ത രഹസ്യമൊഴി പുറത്തുവന്നാല്‍ മുഖ്യമന്ത്രി കൂടുതല്‍ അപഹാസ്യനാകുമെന്നും സുരേന്ദ്രന് പറഞ്ഞു. പിണറായി പ്രചാരണത്തിനെത്തണമെന്ന് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളോ പ്രവര്‍ത്തകരോ പോലും ആഗ്രഹിക്കുന്നില്ല. പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ ചിത്രം പോലും ഉപയോഗിക്കാത്തത് ഇതിന് തെളിവാണ്. പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ യു.ഡി.എഫും എല്‍ഡിഎഫും വിയര്‍ക്കുന്നു.
അഴിമതി കേസുകളെ പേടിച്ച് യു.ഡി.എഫ് കളം വിടേണ്ട അവസ്ഥയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വലിയ അഴിമതിക്കേസുകളാണ് പുറത്തുവരുന്നത്. ജനങ്ങളുടെ ഏകപ്രതീക്ഷ എന്‍.ഡി.എയില്‍ ആണ്. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന മുന്നണി എന്‍.ഡി.എ ആയിരിക്കും.
ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ മുല്ലപ്പള്ളി നുണ പറയുകയാണ്. മുല്ലപ്പള്ളി തന്നെ വെല്‍ഫയര്‍ പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്തി. രാഹുലിന്റെ മണ്ഡലമായ വയനാട്ടിലാണ് ജമാ അത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ഏറ്റവുമധികം സീറ്റുകളില്‍ ധാരണയുണ്ടാക്കിയത്. രാഹുലാണ് ഇതിന് മറുപടി പറയേണ്ടത്. ഏറ്റവും അപകടകാരികളായ സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. രാജ്യദ്രോഹപരമായ സഖ്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുള്ളതെന്നും അതിനവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: