ബോസ്റ്റൺ: ക്രിസ്മസ് കാലത്ത് മാറ്റിനിർത്താൻ പറ്റാത്ത ഒന്നാണ് ക്രിസ്മസ് കാർഡുകൾ. നവമാധ്യമങ്ങൾ ക്രിസ്മസ് കാർഡുകളെ കീഴടക്കിയെങ്കിലും കൗതുകത്തിനും വ്യത്യസ്തയ്ക്കും വേണ്ടി കാർഡുകൾ അയക്കുന്നവർ ഇപ്പോഴും ധാരളം. ക്രിസ്മസ് കാർഡുകൾ അത്രമാത്രം ജനപ്രീതി കവർന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ അച്ചടിച്ച ക്രിസ്മസ് കാർഡിന്റെ ലേലം ബോസ്റ്റണിൽ നടന്നു.
1843ൽ അച്ചടിച്ച കാർഡ് ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുക്ക് ഡീലറാണ് വിത്പന നടത്തിയത്. ഇരുപത്തി അയ്യായിരം ഡോളർ അതായത് പതിനെട്ട് ലക്ഷത്തി അൻപതിനായിരം രൂപ. ഇത്രയും വലിയ തുകയ്ക്ക് ഈ കാർഡ് ലേലം ചെയ്ത് പോയതിൽ അതിശയപ്പെടേണ്ട കാര്യമില്ല. കാരണം ഈ കാർഡ് ഒരുകാലത്ത് ഏറെ വിമർശനങ്ങൾക്ക് ഇടവരുത്തിയതാണ്.
ഹെൻ്റ്രി കോൾ, ജോൺ കാൾകോട്ട് ഹോഴ്സ്ലി, ജോസഫ് കണ്ടാൽ എന്നിവർ ചേർന്നാണ് ഈ കാർഡ് ഡിസൈൻ ചെയ്തത്. ഇംഗ്ലീഷ് സാഹിത്യകാരനായ ചാൾസ് ഡിക്കിൻസിന്റെ വിശ്വപ്രസിദ്ധമായ ‘എ ക്രിസ്മസ് കരോൾ’ ആദ്യമായി പ്രസിദ്ധീകരിച്ച അതേ കാലത്താണ് ഈ കാർഡിന്റെയും സൃഷ്ടി.
ഒരു തീന്മേശക്ക് ചുറ്റും ഒരു വലിയ കുടുംബവും ഒരു പെൺകുട്ടിയും ഗ്ലാസുകളിൽ വൈൻ കുടിക്കുന്നതാണ് കാർഡിൽ ഡിസൈൻ ചെയ്തിരുന്നത്. ഈ ഒരു ചിത്രം തന്നെയാണ് ബ്രിട്ടനിൽ വിവാദമായത്. മദ്യപാനം നടത്തുന്ന ചെറിയ പെൺകുട്ടിയെ കാർഡിൽ ഉൾപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആയിരം കാർഡുകളാണ് അന്ന് പുറത്തിറക്കിയത്. അതിൽ മുപ്പത് എണ്ണം ഇപ്പോഴും സംരക്ഷിക്കുന്നുണ്ട് എന്നത് ഏറെ ആശ്ചര്യമുളവാക്കുന്നു. ശേഖരണത്തിലുള്ള ഏറ്റവും നല്ല കാർഡാണ് ഇപ്പോൾ ലേലത്തിൽ പോയിരിക്കുന്നതെന്ന് ബുക്ക് ഡീലറായ മാർവിൻ ഗെറ്റ്മാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: