തിരുവല്ല: ടെന്‍ഡര്‍ വ്യവസ്ഥകള്‍ അട്ടിമറിച്ച് നിര്‍മാണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് തീറെഴുതാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ചെറുകിട കരാറുകാരും അവരെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും പ്രതിസന്ധിയില്‍. ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് നിര്‍മാണ മെഷീനറികള്‍ വാങ്ങിയ ചില കരാറുകാര്‍ ആത്മഹത്യ ഭീഷണിയിലാണ്. കൊവിഡ് പ്രതിസന്ധി നിര്‍മാണ മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. എന്നാല്‍ നിര്‍മാണ പ്രവൃത്തികള്‍ വീണ്ടും ആരംഭിച്ചെങ്കിലും മാസങ്ങളായി ഒരു പ്രവൃത്തി പോലും ലഭിക്കാത്ത കരാറുകാരുണ്ടെന്ന് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നു.
ഓപ്പണ്‍ ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ കരാറുകള്‍ ഊരാളുങ്കലിന് നല്കുമ്പോള് നോക്കി നില്ക്കാന് മാത്രമെ കഴിയൂയെന്നാണ് കരാറുകാരുടെ പ്രതിനിധികള്‍ പറയുന്നത്. അല്ലെങ്കില്‍ കോടതിയെ സമീപിക്കണം. വലിയ സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍ എല്ലാ പ്രവൃത്തികള്‍ക്കും കോടതിയെ സമീപിക്കുന്നത് അപ്രയോഗികമാണെന്നും അവര്‍ വ്യക്തമാക്കുന്നു. ഊരാളുങ്കല്‍ ചെയ്യുന്ന കിഫ്ബി പദ്ധതികളുടെ ബില്ലുകള്‍ താമസം കൂടാതെ കിഫ്ബിയിലേക്ക് അയയ്ക്കണമെന്നാണ് മരാമത്ത് വിഭാഗത്തിന് വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം, മറ്റ് പ്രവൃത്തികളുടെ നിര്‍മാണ ബില്ലുകള്‍ മാറ്റി കിട്ടണമെങ്കില്‍ മാസങ്ങള്‍ വേണം. ബില്ലുകള്‍ മാറാതെ വരുമ്പോള്‍ വായ്പയെടുത്ത് പ്രവൃത്തി ചെയ്തവര്‍ കടക്കെണിയിലാകും. ഇതോടെ നിര്‍മാണ മേഖല ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തും. സംസ്ഥാനത്ത് 25,000ത്തോളം കരാറുകാരാണ് ഉള്ളത്. ഇവരില്‍ 90 ശതമാനവും ചെറുകിടക്കാരാണ്. ഇവരെ ആശ്രയിച്ച് ലക്ഷക്കണക്കിന് തൊഴിലാളികളാണ് പണിയെടുക്കുന്നത്. സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ കിഫ്ബി വഴി നടപ്പാക്കാന്‍ തുടങ്ങിയതോടെയാണ് ഊരാളുങ്കലിന് വഴിവിട്ട് കരാറുകള്‍ കൂടുതലായി ലഭിക്കാന്‍ തുടങ്ങിയത്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വന്‍തോതില്‍ കരാര്‍ ഊരാളുങ്കലിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: