കൊല്ലം: സിപിഎമ്മിലെ കണ്ണൂര്‍ ലോബിയാണ് കെഎസ്എഫ്ഇ റെയ്ഡിന് പിന്നിലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തോമസ് ഐസക്കിനെ ലക്ഷ്യം വച്ചുള്ളതാണിത്. തീവെട്ടിക്കൊള്ളയും അഴിമതിയും രാജ്യദ്രോഹ ഇടപാടുകളുമാണ് കെഎസ്എഫ്ഇയില്‍ നടന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനസര്‍ക്കാരും ഇടതുപക്ഷവും കെഎസ്എഫ്ഇയെ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥാപനമായി മാറ്റിയത് സംബന്ധിച്ച് ഇ ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ഇടതുമുന്നണിയുടെ അധോലോക രാഷ്ട്രീയത്തിനും യുഡിഎഫിന്റെ അധമരാഷ്ട്രീയത്തിനും ഏക ബദല്‍ ബിജെപിയുടെ വികസന രാഷ്ട്രീയം മാത്രമാണ്. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച ജനവിധി തദ്ദേശീയ 2020ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അവസാനിക്കുമ്പോള്‍ സിപിഎം മന്ത്രിമാരുടെയും യുഡിഎഫ് നേതാക്കളുടെയും ജയില്‍ യാത്രയാകും ഉണ്ടാകുക. ഇരുമുന്നണികളുടെയും മൗലികമായ രാഷ്ട്രീയം ഒത്തുതീര്പ്പിന്റേതാണ്. എല്‍ഡിഎഫിന്റെ അധോലോകരാഷ്ട്രീയവും യുഡിഎഫിന്റെ അധമരാഷ്ട്രീയവും ജനം വെറുക്കുന്നു.
മര്യാദയും മാന്യതയുമുള്ള ഒറ്റവോട്ടറും ഇരുവരുടെയും രാഷ്ട്രീയത്തെ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റമുണ്ടാകും. അട്ടിമറി വിജയമായിരിക്കും പല ത്രിതല പഞ്ചായത്തുകളിലും നേടുക. വികസന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ കാസര്‍കോടും മഞ്ചേശ്വരത്തുമായിരുന്നു ആദ്യം കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചിരുന്നത്. പിന്നീടത് കേരളത്തിലെമ്പാടുമായി. ഇതിനെ എന്‍ഡിഎ അതിജീവിക്കും.
കെഎസ്എഫ്ഇയില്‍ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് റെയ്ഡ് മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിച്ചതായാണ് വിവരം. സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ ഒരു സത്യവും പുറത്തുവരില്ല. അതിനാല്‍ ബാര്‍കോഴക്കേസിലെ വാസ്തവം എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുമെന്ന് ഇനി പ്രതീക്ഷയില്ല. പരസ്പര സഹായസഹകരണസംഘമായാണ് അവരുടെ പ്രവര്‍ത്തനം.
ദില്ലിയില്‍ നടക്കുന്നത് കര്‍ഷകവിരുദ്ധ പ്രക്ഷോഭമാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മുന്മേയര് പ്രസന്ന ഏണസ്റ്റിനെതിരെ അഴിമതി നടത്തിയതിന് ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ പിഴചുമത്തിയിട്ടുണ്ട്. ഇതൊക്കെ കൊല്ലത്തെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: