തൃശൂര്‍: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രത്യേക തപാല്‍ വോട്ട് അനുവദിക്കുന്നതിനായി കൊറോണ ബാധിതരുടെയും ക്വാറന്റൈനിലുള്ളവരുടെയും പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) നവംബര്‍ 29 മുതല്‍ തയാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി. ഭാസ്കരന് അറിയിച്ചു.
മറ്റ് ജില്ലകളില്‍ കഴിയുന്ന കൊറോണ ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് അനുവദിക്കും. ഡിസംബര്‍ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റും ഡിസംബര്‍ ഏഴുവരെയുള്ള തീയതികളില്‍ കൊറോണ പോസിറ്റീവ് ആയവരുടെയും ക്വാറന്റൈനില്‍ ഉള്ളവരുടെയും പട്ടികയും ജില്ലയിലെ ഡെസിഗ്നേറ്റ്ഡ് ഹെല്‍ത്ത് ഓഫീസര്‍ നവംബര്‍ 29ന് തയാറാക്കണം. തുടര്‍ന്ന് ഒമ്പത് ജില്ലകളിലെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റുകള്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അന്നുതന്നെ കൈമാറണം.
പട്ടികയിലുള്ള മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ അയച്ച് കൊടുക്കും. സമ്മതിദായകരെ കുറിച്ചുള്ള വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി പരിശോധിച്ചതിനു ശേഷമാകും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുക. ഡിസംബര്‍ പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളില്‍ ഡിസംബര്‍ ഒന്നിന് തന്നെ ആദ്യ സര്‍ട്ടിഫൈഡ് ലിസ്റ്റ് ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ തയാറാക്കി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: