തിരുവനന്തപുരം: നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തിയ ആളോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഗ്രേഡ് എസ്ഐ ഗോപകുമാറിന് സസ്പെന്ഷന്. മകളുടെ മുന്നില്‍വച്ച് പരാതിക്കാരനോട് പൊലീസ് ഉദ്യോഗസ്ഥന് ആക്രോശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞദിവസം പരാതി പറയാനെത്തിയ പള്ളിവേട്ട സ്വദേശിയോടുള്ള പെരുമാറ്റമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.
‘ഞങ്ങള്‍ ഭീഷണിപ്പെടുത്തും, അനാവശ്യം പറയും, പരാതി നോക്കാന്‍ മനസില്ലെടേ’ എന്നിങ്ങനെ പോകുന്നു വീഡിയോയിലെ എസ്ഐയുടെ വാക്കുകള്‍. വിവാദമായതോടെ ഡിജിപി ലോക്നാഥ് ബെഹ്റ ഇടപെട്ട് ഗോപകുമാറിനെ കുട്ടിക്കാനം ആംഡ് ബറ്റാലിയന് അഞ്ചിലേക്ക് സ്ഥലം മാറ്റുകയും രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് റൂറല്‍ റേഞ്ച് ഡിഐഐജിയോട് നിര്ദേശിക്കുയും ചെയ്തിരുന്നു.
പിന്നാലെയാണ് നടപടി വരുന്നത്. ഗോപകുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊലീസ് ആസ്ഥാനത്തുനിന്ന് ഇന്നിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എസ്ഐ ഭീഷണപ്പെടുത്തുമ്പോള് കരഞ്ഞുകൊണ്ട് പിതാവിനെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന മകളെ വീഡിയോയില്‍ കാണാം.
മദ്യപിച്ചിട്ടാണ് പരാതി പറയാനെത്തിയെന്ന ആരോപണവും ഇതിനിടയില്‍ എസ്ഐ ഉന്നയിക്കുന്നുണ്ട്. പരാതിക്കാരന്റെ മറ്റൊരു മകള്‍ സമീപവാസിയായ യുവാവിനൊപ്പം പോയെന്ന പരാതിയില്‍ യുവതിയെയും യുവാവിനെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചിരുന്നു. തുടര്‍ന്ന് ഈ യുവാവ് വീടിന് മുന്നിലെത്തി അസഭ്യം പറഞ്ഞുവെന്ന പരാതിയുമായി എത്തിയപ്പോഴായിരുന്നു പരാതിക്കാരന് ദുരനുഭവം നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: