തൃശൂര്‍: അഴിമതി പൂര്‍ണമായും തുടച്ചു നീക്കി പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ സദ്ഭരണം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. നിലവില്‍ ബിജെപിക്ക് 2 സീറ്റ് പഞ്ചായത്തിലുണ്ട്. ഉപതെരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ആവര്‍ത്തിച്ചില്ലെങ്കില്‍ പഞ്ചായത്തില്‍ ഇത്തവണ ബിജെപി ഭരണത്തിലേറുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
3ാം വാര്‍ഡ് രാപ്പാള്‍, 16ാം വാര്‍ഡ് നെടുമ്പാള്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. ഈ രണ്ടു വാര്‍ഡുകളടക്കം മൊത്തം മൂന്ന് സീറ്റുകള്‍ ബിജെപി നേടിയിരുന്നു. 2ാം വാര്‍ഡ് പള്ളത്ത് വിജയിച്ച ജിഷ സജിക്ക് സര്‍ക്കാര്‍ ജോലി കിട്ടിയതിനാല്‍ മെമ്പര്‍ സ്ഥാനം ഇവര്‍ രാജി വെച്ചു. പിന്നീട് ഇവിടേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുണ്ടായ രഹസ്യധാരണയെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ 410 വോട്ടോടെ ബിജെപി രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫിന് വോട്ടുകള്‍ മറിച്ച് സഹായിച്ചതിനാല്‍ മൂന്നാം സ്ഥാനമാണ് യുഡിഎഫിന് ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വിജയിച്ച ബിജെപി 5 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തുമെത്തി. 4ാം വാര്‍ഡ് കുറുമാലി, 5ാം വാര്‍ഡ് നെല്ലായി, 8ാം വാര്‍ഡ് ആലത്തൂര്‍ സൗത്ത്, 9ാം വാര്‍ഡ് ആലത്തൂര്‍ നോര്‍ത്ത്, 17ാം വാര്‍ഡ് തൊട്ടിപ്പാള്‍ സൗത്ത് എന്നിവിടങ്ങളിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. 7ാം വാര്‍ഡ് കൊളത്തൂര്‍, 18ാം വാര്‍ഡ് തൊട്ടിപ്പാള്‍ എന്നിവിടങ്ങളില്‍ വിജയിച്ചവരേക്കാള്‍ നേരിയ വോട്ടുകളുടെ വ്യത്യാസമേ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായിരുന്നുള്ളൂ. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്-യുഡിഎഫ് രഹസ്യധാരണയും സഹകരണവും ഉണ്ടായില്ലെങ്കില്‍ ഇത്തവണ 13 സീറ്റുകള്‍ നേടി പറപ്പൂക്കരയില്‍ ഭരണം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 9 സീറ്റുകളുമായി നിലവില്‍ എല്‍ഡിഎഫിനാണ് ഭരണം. യുഡിഎഫിന് 7 സീറ്റുണ്ട്. പ്രളയക്കെടുതികള്‍ കൂടുതല്‍ അനുഭവിച്ചവരാണ് പഞ്ചായത്തിലെ ജനങ്ങള്‍. പഞ്ചായത്തില്‍ പ്രളയദുരിതാശ്വാസം നല്കുന്നതില് എല്‍ഡിഎഫ് രാഷ്ട്രീയ വിവേചനം പുലര്‍ത്തി. അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനോ, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ ഭരണസമിതി നടപടിയെടുത്തില്ല. പ്രളയത്തിലകപ്പെട്ട് ദുരിതമനുഭവിച്ചവര്‍ച്ച് ഭക്ഷ്യകിറ്റ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയത് സേവാഭാരതി, സംഘപരിവാര്‍ സംഘടനകളാണ്. കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ഏകീകൃത പ്രവര്‍ത്തനം പഞ്ചായത്തില്‍ ഉണ്ടായില്ല.
കൊറോണ രോഗികള്‍ക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. വീടുകളില്‍ നിന്ന് രോഗികളെ മാറ്റി പാര്‍പ്പിക്കുന്ന കാര്യത്തില്‍ ഭരണസമിതി അലംഭാവം കാണിച്ചു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി എല്‍ഡിഎഫ് നടത്തി. ജനറല്‍ വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച 5 കോടി രൂപയുടെ ഫണ്ട് എല്‍ഡിഎഫ് ലാപ്സാക്കിയിട്ടുണ്ട്. 29 അങ്കണവാടികള്‍ക്കായി കൃത്യമായി ഫണ്ട് അനുവദിച്ചില്ല. 50 ലക്ഷത്തോളം രൂപ അനുവദിച്ചതില്‍ 38 ലക്ഷം രൂപ മാത്രം ചെലവഴിച്ച് 12 ലക്ഷം രൂപ ലാപ്സാക്കി. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി ലാപ്ടോപ്പ് വാങ്ങാന്‍ അനുവദിച്ച 21 ലക്ഷം രൂപയും വിനിയോഗിക്കാതെ ലാപ്സാക്കി കളഞ്ഞു. കുറുമാലി പുഴ ശുചീകരണ പദ്ധതിയിലും അഴിമതിയുണ്ടായിട്ടുണ്ട്.
പദ്ധതി യഥാവിധി ചെയ്യാത്തതിനാലാണ് പഞ്ചായത്തില്‍ വെള്ളക്കെട്ടുണ്ടായത്. രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ളപ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയില്ല. കൈതോട് നവീകരണം നടത്തി ഇറിഗേഷന്‍ പദ്ധതികള്‍ക്ക് വെള്ളമെത്തിക്കുന്നതിലും വീഴ്ച വരുത്തി. ഈ പദ്ധതിയുടെ പ്രവര്‍ത്തനത്തിലും അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി. നന്തിക്കര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവും നന്തിക്കര ഗവ.ഹൈസ്കൂള്‍ കെട്ടിട നിര്‍മ്മാണവും പൂര്‍ത്തിയാകാത പാതി വഴിയില്‍ സ്തംഭിച്ചു കിടക്കുകയാണ്. പഞ്ചായത്തില്‍ ഇതുവരെയും പൊതുശ്മാശനം സ്ഥാപിച്ചിട്ടില്ല.
പട്ടികജാതി കോളനികളില്‍ കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഭരണ സമിതി പരാജയപ്പെട്ടു. ആരോഗ്യമേഖലയില്‍ ഭരണസമിതിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. ജീവിതശൈലി രോഗികള്‍, കിടപ്പു രോഗികള്‍, മാനസിക ശാരീര വെല്ലുവിളി നേരിടുന്ന രോഗികള്‍ എന്നിവര്‍ മരുന്ന് ലഭിക്കാതെ ബുദ്ധിമുട്ടുന്നു. പഞ്ചായത്തിലുള്ള തൊട്ടിപ്പാള്‍, പൊങ്കോത്ര, പന്തല്ലൂര്‍, ആലത്തൂര്‍ എന്നീ നാലു ഹെല്‍ത്ത് സബ്സെന്ററുകളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ഹെല്‍ത്ത് സബ് സെന്ററുകളില്‍ മരുന്ന് സൂക്ഷിക്കാന്‍ സൗകര്യമില്ല. കിലോമീറ്ററുകള്‍ താണ്ടി വരുന്ന രോഗികള്‍ മരുന്ന് ലഭിക്കാതെ മടങ്ങി പോകേണ്ട സ്ഥിതിയാണിപ്പോള്‍.
ബിജെപി അധികാരത്തിലേറിയാല്‍ വെള്ളം, വെളിച്ചം, പാര്‍പ്പിടം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിയുള്ള സമഗ്രവികസനം നടപ്പിലാക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും. പറപ്പൂക്കര ഗവ.ആശുപത്രിയില്‍ 25 ബെഡുള്ള കിടത്തി ചികിത്സ സജ്ജമാക്കും. ആധുനിക സംവിധാനത്തോടെ മത്സ്യ-മാംസ മാര്‍ക്കറ്റ് സ്ഥാപിക്കും. നന്തിക്കര റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കാര്‍ഷിക ക്ലബ്ബുകള്‍ രൂപീകരിച്ച് തരിശായി കിടക്കുന്ന ഭൂമികള്‍ പിടിച്ചെടുത്ത് കൃഷിയോഗ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: