കൊച്ചി: സോളാര്‍ കേസ് അന്വേഷിക്കുന്ന കമ്മീഷന് തെളിവെടുപ്പ് അവസാനിപ്പിക്കുന്നു. നവംബര്‍ 30ന് ഉമ്മന്‍ ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നതോടെ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പണത്തിനുള്ള പ്രവര്‍ത്തനത്തിലേക്ക് തിരിയും. കേസില്‍ ഇന്നലെ ഹാജരാകാഞ്ഞ സരിത.എസ്. നായര്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് അന്വേഷണ കമ്മീഷന് ജസ്റ്റിസ് ജി. ശിവരാജന് വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹവാല പണം കടത്താന്‍ ഉപയോഗിച്ചെന്ന് സരിത പറഞ്ഞതായി മുന്‍ എംഎല്‍എ ജോസ് കുറ്റിയാനി കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് അറിയാനാണ് സരിതയെ വിളിപ്പിച്ചിരുന്നത്. സരിതയ്ക്കു മറ്റൊരു ദിവസം അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷ കമ്മീഷന് തള്ളി. കമ്മീഷന് മൊഴി നല്കിയ ഒക്ടോബര്‍ 13നു രാത്രി ഫോണ്‍വഴി ആരോ ഭീഷണിപ്പെടുത്തിയതായി ജോസ് കുറ്റിയാനി ഇന്നലെ കമ്മീഷനെ അറിയിച്ചു.
ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി നല്കിയതു ശരിയായില്ലെന്നും ഭവിഷ്യത്തുകള്‍ അറിയില്ലേയെന്നും ഭീഷണിപ്പെടുത്തിയ ആള് ചോദിച്ചെന്നും ഉമ്മന്‍ ചാണ്ടിയുടെ അടുത്തയാളാണെന്ന് തിരിച്ചറിഞ്ഞെന്നും ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന് വിസ്തരിച്ചപ്പോള്‍ കുറ്റിയാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: