സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനം ഇന്ന് ആരംഭിക്കും. മുന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം സിഡ്നിയില്‍ നടക്കും. കൊറോണ ഭീതി കുറഞ്ഞ സാഹചര്യത്തില്‍ അമ്പത് ശതമാനം കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കും. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിന് കളി തുടങ്ങും. സോണിയില്‍ തത്സമയം കാണാം.
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇന്ത്യക്ക് ഏകദിന മത്സരങ്ങളില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച റെക്കോഡാണുള്ളത്. ഈ കാലയളവില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടിയ 12 മത്സരങ്ങളില്‍ ഏഴിലും ഇന്ത്യ വിജയം നേടി. പക്ഷെ സ്വന്തം തട്ടകത്തില്‍ ഓസീസിനാണ് മുന്‍ തൂക്കം. ഓസ്ട്രേലിയയില്‍ ഇന്ത്യ ഓസീസിനെതിരെ 51 മത്സരങ്ങള്‍ കളിച്ചു. ഇതില്‍ 36 മത്സരങ്ങളിലും ഇന്ത്യ തോറ്റു. വിജയിക്കാനായത് 13 മത്സരങ്ങളില്‍ മാത്രം. കഴിഞ്ഞ സീസണിലെ രണ്ട് വിജയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പോയ സീസണില്‍ ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കി.
സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ കൂടാതെയാണ് ഇന്ത്യ ഏകദിന പരമ്പയ്ക്ക് ഇറങ്ങുന്നത്. ഐപിഎല്ലിനിടയ്ക്ക് ഏറ്റ പരിക്കാണ് രോഹിതിന് തിരിച്ചടിയായത്. ഐപിഎല്ലില്‍ തിളങ്ങിയ മായങ്ക് അഗര്‍വാള്‍ രോഹിതിന് പകരം ഓപ്പണറാകും. കിങ്സ് ഇലവന് പഞ്ചാബ് താരമായ അഗര്‍വാള്‍ ഐപിഎല്ലില്‍ 424 റണ്‍സ് നേടി.
ശിഖര്‍ ധവാനൊപ്പമാണ് അഗര്‍വാള്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ഐപിഎല്ലില്‍ അറുനൂറിലേറെ റണ്‍സ് അടിച്ചെടുത്ത താരമാണ് ധവാന്. മൂന്നാമനായി ക്രീസിലിറങ്ങുന്ന നായകന് വിരാട് കോഹ്ലിയും നാലാമത് എത്തുന്ന ശ്രേയസ് അയ്യരുമൊക്കെ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച താരങ്ങളാണ്. 133 റണ്‍സ് കൂടി നേടിയാല്‍ കോഹ്ലിക്ക് ഏകദിനത്തില്‍ 12,000 റണ്‍സാകും.
ഓള് റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയുമൊക്കെ മുന്‍നിരക്കൊപ്പം ചേരുന്നതോടെ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് റണ്‍ ഒഴുകുമെന്നാണ് പ്രതീക്ഷ. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കുന്നത്. കീപ്പറുടെ റോളില്‍ കെ.എല്‍. രാഹുല്‍ കളിക്കും. അതിനാല്‍ മലയാളിതാരം സഞ്ജു സാംസണിന് പുറത്തിരിക്കേണ്ടിവരും.
ഐപിഎല്ലില്‍ മികവ് കാട്ടിയ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചുമാണ് ഓസീസിന്റെ ഇന്നിങ്സ് തുടങ്ങുക. പരിക്കേറ്റ് മാര്‍ഷിന് പകരം സ്റ്റീവ് സ്മിത്തിനെ കളിപ്പിക്കുമെന്ന് ഓസീസ് പരിശീലകന് ജസ്റ്റിന് ലാംഗര്‍ സൂചിപ്പിച്ചു.
ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവര്‍ക്ക് പുറമെ മറ്റൊരു ഓള് റൗണ്ടറെ കൂടി കളിപ്പിച്ചേക്കും. പാറ്റ് കമിന്‍സ് , മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, ആദം സാമ്പ എന്നിവരാണ് ഓസീസിന്റെ ബൗളിങ്ങിനെ നയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: