കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഒരു വിഭാഗം തൊഴിലാളി സംഘടനകള്‍ ഇന്ന് നടത്തുന്ന പണിമുടക്ക് രാഷ്ട്രീയ പ്രേരിതവും കാപട്യ പൂര്‍ണവും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ളതുമാണ്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് വിട്ടുനില്‍ക്കുന്ന പണിമുടക്ക് ദേശീയതലത്തില്‍ കാര്യമായ പ്രതിഫലനമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. കൊവിഡ് മഹാമാരിയില്‍ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്താന്‍ മാത്രമേ ഈ പണിമുടക്ക് ഉപകരിക്കൂ. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും, രാജ്യവ്യാപകമായി നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി നേടിയ വിജയം തൊഴിലാളികള്‍ നരേന്ദ്ര മോദി സര്‍ക്കാരിനൊപ്പമാണെന്ന് തെളിയിച്ചതാണ്. കൊവിഡ് ലോക്ഡൗണിന്റെ കാലത്ത് കഷ്ടതകള്‍ അനുഭവിക്കേണ്ടിവന്ന കുടിയേറ്റത്തൊഴിലാളികള്‍ ഏറെയുള്ള ബീഹാറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജനവിധിയുണ്ടാകുമെന്ന് പ്രതിപക്ഷം ഉറപ്പിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കാതിരുന്നത് പല നിലകളിലും തൊഴിലാളി ക്ഷേമം ഉറപ്പുവരുത്തുന്ന കേന്ദ്ര സര്‍ക്കാരിനൊപ്പമാണ് അവരെന്ന് തെളിയിച്ചു. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധമാണെന്ന പ്രചാരണം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുപിടിച്ച് നടത്തുകയുണ്ടായി. ഈ കുപ്രചാരണവും ജനങ്ങള്‍ വിശ്വസിച്ചില്ല.
പൊതുവായി നോക്കുമ്പോള്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും കേന്ദ്ര ഭരണത്തിന്റെ ഹിതപരിശോധനയായിരുന്നു. ഇതിന്റെ ഫലം കനത്ത തിരിച്ചടിയാണ് പ്രതിപക്ഷത്തിന് നല്‍കിയത്. ഇതേത്തുടര്‍ന്ന് തങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോഴും പ്രസക്തിയുണ്ടെന്ന് വരുത്താന്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും കണ്ടുപിടിച്ച കുറുക്കുവഴിയാണ് ഈ ദേശീയ പണിമുടക്ക്. അതുകൊണ്ടാണ് ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന് പറയാന്‍ കാരണം. അസംഘടിതരായ ജനങ്ങളെ ശിക്ഷിക്കുന്നതിനപ്പുറം ഈ പണിമുടക്കുകൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഇത്തരമൊരു പണിമുടക്ക് അടിച്ചേല്‍പ്പിക്കുന്നതിനു പിന്നില്‍ ഇടതുപാര്‍ട്ടികള്‍ക്കും, അവര്‍ നിയന്ത്രിക്കുന്ന ട്രേഡ് യൂണിയനുകള്‍ക്കും ഗൂഢലക്ഷ്യമുണ്ട്. അഴിമതിക്കേസുകളില്‍നിന്ന് ശ്രദ്ധ തിരിക്കാനും, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടുകള്‍ പിടിച്ചുനിര്‍ത്താനുമാണിത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇടതുപാര്‍ട്ടികളുമായി സഖ്യത്തിലായിരിക്കുന്ന കോണ്‍ഗ്രസ്സ് കേരളത്തില്‍ അവര്‍ക്ക് വിടുപണി ചെയ്യുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് കോടികളുടെ അഴിമതിയാരോപണം നേരിടുന്ന ഐഎന്‍ടിയുസി നേതാവിനെ പിണറായി സര്‍ക്കാര്‍ രക്ഷിക്കുന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം. രാഷ്ട്രീയ സദാചാരത്തിനു ചേരാത്ത ഇത്തരം ഒത്തുകളികള്‍ തൊഴിലാളികള്‍ തിരിച്ചറിയും.
നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച കാരണം പറഞ്ഞ് കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും തൊഴിലാളി യൂണിയനുകള്‍ ദേശീയ പണിമുടക്കുമായി ചാടിപ്പുറപ്പെട്ടിരിക്കുന്നത് ഈ സംഘടനകളുടെ രാഷ്ട്രീയ ദാസ്യമാണ്. ഒന്നാമതായി രാജ്യത്ത് വര്‍ഷങ്ങളായി നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഏറെക്കുറെ അതേപടി പകര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. രണ്ടാം ലേബര്‍ കോണ്‍ഗ്രസ്സിന്റെ ശുപാര്‍ശകള്‍ പ്രകാരമുള്ള ഈ നിയമങ്ങള്‍ പിന്‍വലിക്കണമെന്നു പറയുന്നത് പരിഹാസ്യമാണ്. വേതനം, സാമൂഹ്യ സുരക്ഷ എന്നീ കാര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ബിഎംഎസ് ഉള്‍പ്പെടെയുള്ള പല തൊഴിലാളി സംഘടനകളും സ്വാഗതം ചെയ്യുകയുണ്ടായി. അതേസമയം, വിയോജിപ്പുള്ള ഭാഗങ്ങള്‍ ഭേദഗതി ചെയ്യണമെന്ന ആവശ്യവും ബിഎംഎസ് ഉന്നയിച്ചിട്ടുണ്ട്. തൊഴില്‍ നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയതിന് കേന്ദ്ര സര്‍ക്കാരിനെ ദേശവിരുദ്ധമെന്നൊക്കെ മുദ്ര കുത്തുന്നത് അപലപനീയമാണ്. തൊഴില്‍ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളെക്കാള്‍ മാരകമായ നിയമങ്ങള്‍ പ്രതിപക്ഷം ഭരിക്കുന്ന പഞ്ചാബിലെയും രാജസ്ഥാനിലെയും മറ്റും സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് കുറ്റകരമായ മൗനം പാലിക്കുന്നവരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ദേശീയ പണിമുടക്ക് നടത്തുന്നത്. ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതിനു പകരം രാഷ്ട്രീയ നേതൃത്വത്തിന്റെ കളിപ്പാവകളായി മാറുന്നത് ഗുണകരമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: