മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരുങ്ങുന്നത് 34,710 പോളിങ് സ്റ്റേഷനുകള്‍. ത്രിതല പഞ്ചായത്തുകളില്‍ 29,322 വോട്ടിംഗ് യന്ത്രങ്ങളും കോര്പ്പറേഷന്, നഗരസഭകളില്‍ 5,388 വോട്ടിംഗ് യന്ത്രങ്ങളുമാണ് ക്രമീകരിക്കുന്നത്. ഇവ കൂടാതെ ത്രിതല പഞ്ചായത്തുകളില്‍ 12 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും കോര്പ്പറേഷന്, നഗരസഭകളില്‍ 30 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും റിസര്‍വായി സൂക്ഷിക്കും.
ത്രിതല പഞ്ചായത്തുകളില്‍ മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്ട്രോള് യൂണിറ്റുമടങ്ങിയതാണ് മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉടമസ്ഥതയിലുള്ളതാണ് മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍. ആണവോര്‍ജ്ജ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യാ ലിമിറ്റഡാണ് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മിച്ചത്. നിലവില്‍ ഇത്തരത്തിലുള്ള 37,551 വോട്ടിംഗ് യന്ത്രങ്ങളാണ് ഉള്ളത്.
മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഉപയോഗിക്കുക സിംഗിള്‍ പോസ്റ്റ്് വോട്ടിംഗ് യന്ത്രങ്ങളാണ്. ഇത്തരത്തിലുള്ള 11,000-ത്തോളം വോട്ടിംഗ് യന്ത്രങ്ങളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും എത്തിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ ചുമതല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ആയിരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളിലെ ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് ആയിരിക്കും വിതരണ ചുമതല.
എല്ലാ വോട്ടിംഗ് യന്ത്രങ്ങളുടെയും ആദ്യ ഘട്ട പരിശോധന (ഫസ്റ്റ് ലെവല്‍ ചെക്കിംഗ്) പൂര്‍ത്തിയായി. ഇലക്ട്രോണിക് കോര്പ്പറേഷന് ഓഫ് ഇന്ത്യാ ലിമിറ്റഡില്‍ നിന്നെത്തിയ 71 എന്‍ജിനീയര്‍മാരാണ് പരിശോധന നടത്തിയത്. വോട്ടെടുപ്പിന് നാലുദിവസം മുമ്പായിരിക്കും വരണാധികാരികളുടെ നേതൃത്വത്തില്‍ ബാലറ്റ് ലേബല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാപിച്ച് തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ നിലവില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജില്ലാതല വെയര്‍ഹൗസുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: