തിരുവനന്തപുരം: ആറു കൗണ്‍സിലര്‍മാര്‍ മാത്രമുള്ള ഒരു പാര്‍ട്ടിയുടെ ചടുലനീക്കത്തില്‍ ഭൂരിപക്ഷം നേടിയ പാര്‍ട്ടിയുടെ ഔദ്യോഗിക മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുക. അതും സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കേരളത്തില്‍ സിപിഎമ്മിനെ ഞെട്ടിച്ച ആ നീക്കത്തിന് ചുക്കാന്‍ പിടിച്ചത് 1988 ല്‍ മത്സരിച്ച് നഗരസഭയിലെത്തി കൗണ്‍സില്‍ പാര്‍ട്ടി ലീഡറായ എം.എസ്. കുമാറായിരുന്നു. അന്ന് ആദ്യമായി ആറുപേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കൗണ്‍സിലില്‍ എത്തിയത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്ന് എം.എസ്. കുമാര്‍ ഓര്‍മ്മിക്കുന്നു.
1988 ലാണ് ആറുപേര്‍ താമരചിഹ്നത്തില്‍ മത്സരിച്ച് നഗരസഭാ കൗണ്‍സിലില്‍ എത്തുന്നത്. ഹിന്ദുമുന്നണി ബിജെപി സ്ഥാനാര്‍ത്ഥിയായിട്ടാണ് അന്ന് എം.എസ്. കുമാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎമ്മിലെ നാരായണന് പോറ്റിയായിരുന്നു പ്രധാന എതിര് സ്ഥാനാര്‍ത്ഥി. അദ്ദേഹം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശാന്തിയായിരുന്നു. ആ നിലയ്ക്ക് അദ്ദേഹത്തിന് ധാരാളം ആള്‍ക്കാരുമായി ബന്ധമുണ്ട്. കോണ്‍ഗ്രസ്സിന്റെ വി.കെ. മോഹനന് ഡെപ്യൂട്ടി മേയറും ദീര്‍ഘനാള്‍ കൗണ്‍സിലറും ആയിരുന്നു. ശ്രീകണ്ഠേശ്വരം കേശവന്നായര് സ്വതന്ത്രനായും മത്സരത്തിന് ഉണ്ടായിരുന്നു. പ്രഗത്ഭന്മാരുടെ ഇടയില്‍ നിന്ന് 750 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശ്രീകണ്ഠേശ്വരത്ത് നിന്ന് എം.എസ്. കുമാര്‍ വിജയിച്ചത്. ആറുപേരാണ് വിജയിച്ചതെങ്കിലും കൗണ്‍സിലിനെ നിയന്ത്രിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. ഒരു വര്‍ഷം ഫിനാന്‍സ് കമ്മറ്റി ചെയര്മാന് ആയിരുന്നു എം.എസ്. കുമാര്‍. സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ലളിതാ സദാശിവനെതിരെ സിപിഎമ്മില്‍ ഭിന്നിപ്പ് ഉണ്ടാക്കി സ്റ്റാന്‍ലി സത്യനേശനെ മേയറാക്കുന്നതില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വിജയിച്ചു. സിപിഎമ്മില്‍ നിന്നുള്ള എട്ടുപേരാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടുചെയ്തത്. എം.എസ്. കുമാറിന്റേതായിരുന്നു അതിനു പിന്നിലെ നീക്കങ്ങള്‍. സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയെ ഭിന്നിപ്പിച്ച് വോട്ടുമറിച്ച ആ എട്ടു കൗണ്‍സിലര്‍മാര്‍ ആരൊക്കെയെന്ന് ഇന്നും സിപിഎമ്മിന് അറിയില്ല. എം.എസ്. കുമാറിനു മാത്രമറിയുന്ന ചരിത്ര രഹസ്യമാണത്. അന്നത്തെ കോണ്‍ഗ്രസ്സുകാര്‍ക്കും ഇതൊന്നും അറിയില്ലായിരുന്നു. അതില്‍ ചിലര്‍ ഇപ്പോഴും സിപിഎമ്മില്‍ ഉണ്ട്.
സിപിഎമ്മിന് ഈ സംഭവം വലിയ ഷോക്കായിരുന്നു. സ്റ്റാന്‍ഡിംങ് കമ്മറ്റിയില്‍ ഭൂരിപക്ഷം കിട്ടാന്‍വേണ്ടി സിപിഎം രണ്ടു കൗണ്‍സിലര്‍മാരെ തട്ടികൊണ്ടുപോയി. പ്രേമാനന്ദന്, പുന്നശ്ശേരി രാജപ്പന് എന്നീ രണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാരെയാണ് എല്‍ഡിഎഫുകാര്‍ തട്ടിക്കൊണ്ടു പോയത്. ഇതിനെതിരെ അന്നുരാത്രി തന്നെ സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ സത്യഗ്രഹമിരിക്കുകയും കോടതിയില്‍ കേസ് കൊടുക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാര്‍പ്പിച്ചിരുന്ന കൗണ്‍സിലര്‍മാരെ സിപിഎമ്മിന് പുറത്തിറക്കേണ്ടി വന്നു. വഴിയില്‍ ഇറക്കിവിട്ട കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പറയണമെന്ന സിപിഎമ്മിന്റെ ഭീഷണിക്കെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ നല്കിയ ധൈര്യത്തില്‍ സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടുപോയതാണെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു. ഇത് സിപിഎമ്മിന് വലിയ ക്ഷീണമുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെ പ്രതാപകാലം. ഇ.കെ. നായനാര്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി.
ആറുപേര്‍ നഗരസഭയില്‍ കൗണ്‍സിലര്‍മാരായി എത്തിയത് ബിജെപിക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയതെന്ന് എം.എസ്.കുമാര്‍ പറയുന്നു. വലിയ മാറ്റം കൊണ്ടുവരാനായി. സംഘത്തിന്റെ വിഭാഗ് കാര്യാലയം ഇരിക്കുന്ന റോഡിന് ഡോ. ഹെഡ്ഗേവാര്‍ റോഡ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യാന്‍ കഴിഞ്ഞു. സാധാരണ നിലയില്‍ ഒരു പ്രമേയം കൊണ്ടുവന്നാല്‍ എതിര്‍ക്കപ്പെടും. എന്നാല്‍ നഗരസഭയില്‍ നേടിയ മേല്‍ക്കൈയാണ് പ്രമേയം പാസാക്കാന്‍ സാധിച്ചതിനു പിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: