ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി എന്റര്‍പ്രൈസസിന് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. നടത്തിപ്പ് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അദാനി ഗ്രൂപ്പിന് ഇക്കാര്യത്തില്‍ മുന്‍പരിചയമില്ലെന്നും നടത്തിപ്പ് കൈമാറ്റം പൊതുതാത്പര്യത്തിന് അനുസൃതമല്ലെന്നും ഹര്‍ജിയിലുണ്ട്.
വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടി സംസ്ഥാന സര്‍ക്കാരാണ് പൂര്‍ത്തീകരിച്ചത്. അതിനാല്‍ നടത്തിപ്പ് സംസ്ഥാനസര്‍ക്കാര്‍ രൂപീകരിക്കുന്ന കമ്പനിക്ക് കൈമാറണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതില്‍ ക്രമക്കേടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. അദാനി ഗ്രൂപ്പ് നല്കുന്ന അതേ തുകയ്ക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരളത്തിന് ഓഹരിപങ്കാളിത്തമുള്ള കമ്പനികള്‍ക്കാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: