മധ്യകേരളത്തിലെ ശബരിമലയെന്ന വിശേഷണങ്ങളില്‍ അറിയപ്പെടുന്ന ആറേശ്വരം ശ്രീധര്‍മശാസ്താവിന് വൃശ്ചികത്തിലെ മുപ്പെട്ട് ശനിയാഴ്ചയായ ഇന്ന് ഷഷ്ഠി. തൃശൂര്‍ ജില്ലയില്‍ കൊടകരയില്‍നിന്നും കിഴക്കോട്ടുചെന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്താണ് കാനനവാസനായ ബാലശാസ്താവ് ഇരുകൈകളും, അഴിച്ചിട്ടമുടിയുമായി നിവര്ന്നുനില്ക്കുന്ന ഭാവത്തില്‍ കിഴക്കോട്ടുദര്‍ശനമായി പരിലസിക്കുന്നത്.
പരശുരാമന് തന്റെ യാത്രാമധ്യേ വനത്തില്‍ ഒരു വലയം കണ്ട് ഏത് ചൈതന്യമാണ് അതെന്ന് അറിയാനായി ശിവന്, പാര്‍വതി, ഗണപതി, സുബ്രഹ്മണ്യന്, ഭദ്രകാളി ,ശാസ്താവ് എന്നിങ്ങനെ കല്ലുകള്‍ എടുത്തുവച്ചു. ഇതില്‍ ശാസ്താവിന്റെ സങ്കല്‍പ്പം വന്നതോടെ ആറ് കല്ലുകളിലേക്കും തേജസ്സ് ലയിച്ചു. അങ്ങിനെയാണ് ആറേശ്വരത്തപ്പന് എന്ന നാമധേയമുണ്ടായത്.
4800 വര്‍ഷം മുമ്പ് ഗ്രാമരക്ഷയ്ക്കായി കൂടല്മാണിക്യസ്വാമിയായ സംഗമേശന് പറഞ്ഞയച്ചതാണ് ആറേശ്വരത്ത് കുടികൊള്ളുന്ന ശാസ്താവെന്നാണ് ഐതിഹ്യം. കേരളത്തിലെ പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ പെരുവനം, ശുകപുരം, ഇരിങ്ങാലക്കുട, കരിക്കാട്, തളിപ്പറമ്പ് എന്നീ ഗ്രാമങ്ങളില്‍ ഇരിങ്ങാലക്കുട ഗ്രാമത്തിനുവേണ്ടി കൂടല്‍മാണിക്യസ്വാമിയുടെ അംഗരക്ഷകനായ കോടശ്ശേരി കര്‍ത്താവാണ് ആറേശ്വരം ക്ഷേത്രവും അനുബന്ധവഹകളും നടത്തിപ്പോന്നിരുന്നത്. ഇരിങ്ങാലക്കുട ഗ്രാമത്തിന്റെ അധ്യക്ഷനായിരുന്ന കൊച്ചി രാജകുടുംബത്തിലെ കാരണവര്‍ കോടശ്ശേരി കര്ത്താവിന് ഭരണം ഏല്‍പ്പിച്ചു കൊടുത്ത് ഗ്രാമത്തിനുവേണ്ടി ഭരിച്ചതും ചരിത്രം. ആറേശ്വരത്തെ ശാസ്താവിന്റെ സാന്നിധ്യം മറ്റത്തൂര്‍കുന്നിലെ കൈമുക്ക് മനയിലെ നടുമുറ്റത്തെ മുല്ലയ്ക്കല് തേവാരത്തിലുമുണ്ട്. മനയിലെ അന്തര്‍ജനങ്ങള്‍ ആറേശ്വരം ക്ഷേത്രത്തിലെത്തിയാല്‍ അവിടത്തെ ശാന്തിക്കാരന് മാറിനില്‍ക്കുകയും അന്തര്‍ജനങ്ങള്‍ പൂജയും നിവേദ്യവുമൊരുക്കുന്ന അപൂര്വക്ഷേത്രവുമാണ് ആറേശ്വരം. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യമാണ് ഇവിടെയുള്ളത്. മനയിലെ കൈമുക്ക് വൈദികന് രാമന് അക്കിത്തിരിപ്പാടിന്റെ പത്നി ആര്യാദേവി പത്തനാടി വര്‍ഷങ്ങളായി ഇവിടെ മാസത്തിലൊരിക്കലെത്തുകയും പൂജ നിര്‍വഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആറേശ്വരത്തെ ആറ് ചൈതന്യങ്ങളിലൊന്നായ ഭദ്രകാളീ ചൈതന്യമാണ് പില്ക്കാലത്ത് നന്തിപുലം പയ്യൂര്‍ക്കാവ് ഭഗവതിയായത്. പയ്യൂര്‍ക്കാവ് ക്ഷേത്രത്തിലും കൈമുക്കിലെ അന്തര്‍ജനങ്ങള്‍ പൂജചെയ്യുന്ന സമ്പ്രദായമുണ്ട്.
എല്ലാമാസവും മുപ്പെട്ട് ശനിയാഴ്ചകളും മകരസംക്രമവുമാണ് ക്ഷേത്രത്തില്‍ വിശേഷം. വൃശ്ചികം ഒന്നിന് നൂറുകണക്കിന് ഭക്തര്‍ ഇവിടെയെത്തി അയ്യപ്പമുദ്രയണിഞ്ഞ് ശബരീശദര്‍ശനം നടത്താറുണ്ട്. ദേവസന്നിധിയിലെ പാറയിടുക്കിലൂടെ പുനര്‍ജനി നൂഴ്ന്ന് സായൂജ്യമടയുന്ന ഭക്തരും അനവധിയാണ്. ഷഷ്ഠിദിവസമായ ഇന്ന് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷമില്ലാതെ ആചാരത്തിന്റെ വിശുദ്ധിയുമായി ചടങ്ങുകള്‍മാത്രമായാണ് ഷഷ്ഠി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: