കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് അവധിക്കു പോയി തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. വിമാന യാത്രാ വിലക്ക് മൂലം രാജ്യത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗാർഹിക തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം.
പ്രവേശന നിരോധനം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തോളം തൊഴിലാളികള്‍ക്കാണ് തീരുമാനം പ്രയോയജനപ്പെടുന്നത്. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹിന്റെ നേതൃത്വത്തിലുള്ള കൊറോണ എമർജൻസി കമ്മിറ്റിയാണ് തൊഴിലാളികളെ തിരികെ എത്തിക്കുന്ന സംബന്ധിച്ച് കർമപദ്ധതി തയാറാക്കുന്നത്. ഈ റിപ്പോർട്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് കമ്മിറ്റി അവലോകനം ചെയ്യും.
വിവിധ രാജ്യങ്ങളിൽനിന്ന് പുതുതായി ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരുന്നത് സംബന്ധിച്ചും ചർച്ചചെയ്യും. ഇത് സംബന്ധിച്ച് കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നീ വിമാന കമ്പനികളുമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഏകോപനം നടത്തി അന്തിമരൂപം നൽകി വരികയാണ്. തിരിച്ചെത്തുന്നവർക്ക് 7 മുതൽ 10 ദിവസം വരെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ഏർപ്പെടുത്തുവാനും ആലോചനയുണ്ട്.
കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയച്ചിരുന്ന ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വിമാനസർവിസ് ഇല്ലാത്തതിനാൽ അവധിക്കു പോയ നിരവധി തൊഴിലാളികൾ ഇനിയും മടങ്ങിയെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: