പാര്‍ട്ടിയുടെ ശത്രുക്കള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയെന്ന നിലയ്ക്കാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രാജിയെ സിപിഎം അവതരിപ്പിക്കുന്നത്. എന്നാല്‍ വളരെ വൈകി മാത്രമുള്ള ഈ പടിയിറക്കം പാര്‍ട്ടി നേതൃത്വത്തിനെതിരെ കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നു എന്നതാണ് സത്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ആരോപണം നേരിടുന്ന സ്വര്‍ണ കള്ളക്കടത്ത് ഉയര്‍ന്നുവന്നപ്പോള്‍തന്നെ കോടിയേരിയുടെ മകന് ബിനീഷും സംശയത്തിന്റെ കരിനിഴലില്പ്പെട്ടിരുന്നു. ഒട്ടും വൈകാതെ ബെംഗളൂരുവില്‍ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ അനൂപ് മുഹമ്മദിന് ബിനീഷുമായി ബന്ധമുണ്ടെന്നും വ്യക്തമായി. രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തി കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് അപ്പോള്‍തന്നെ ആവശ്യമുയര്‍ന്നതാണ്. എന്നാല്‍ പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയുള്‍പ്പെടെ പാര്‍ട്ടി ഒന്നടങ്കം ഈ ആവശ്യം തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസില്‍ പ്രതിയായ ബിനീഷ് ചെറിയ മീനല്ലെന്നും, ബിനാമികളെ വച്ച് കോടികളുടെ ഇടപാടുകള്‍ നടത്തുന്നയാളാണെന്നും വിവരങ്ങള്‍ പുറത്തുവന്നു. ഇക്കാലയളവിലുടനീളം മകന്റെ തെറ്റിന് അച്ഛന് കുറ്റക്കാരനല്ലെന്ന് വാദിച്ച് കോടിയേരിയെ സംരക്ഷിക്കുകയാണ് പാര്‍ട്ടി ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റു തന്നെ രാജിയാവശ്യം ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞു. അതിനാല്‍ ഇപ്പോഴത്തെ രാജി നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രമാണെന്ന് വ്യക്തം.
ചികിത്സാര്‍ത്ഥം സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നില്ക്കാന് അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന് പകരം ചുമതല നല്‍കിയിരിക്കുകയാണെന്ന സിപിഎമ്മിന്റെ വിശദീകരണം അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. അസുഖത്തിന്റെ പേരില്‍ മാറിനില്‍ക്കുമായിരുന്നെങ്കില്‍ ഇതേ കോടിയേരി അമേരിക്കയില്‍ ചികിത്സയ്ക്കു പോയ നീണ്ടകാലം പകരക്കാരനെ വയ്ക്കാമായിരുന്നല്ലോ. അതുണ്ടായില്ലെന്നു മാത്രമല്ല, ഇങ്ങനെയൊരു നിര്‍ദ്ദേശം പോലും പാര്‍ട്ടിയില്‍ ഉയര്‍ന്നതായി അറിവില്ല. ഇപ്പോഴത്തെ രാജിക്കു പിന്നില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തന്നെയാണ്. മകന് പ്രതിയായിരിക്കുന്ന കേസില്‍ അച്ഛന്റെ കൈകളും ശുദ്ധമല്ലെന്ന് തെളിയുന്നു. അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയോ പ്രതിയാവുകയോ ചെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരിയെ മാറ്റിനിര്‍ത്തുന്നത്. അഴിമതിക്കാരെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴും അണികള്‍ക്കിടയില്‍ അമര്‍ഷവും രോഷവും കുമിഞ്ഞുകൂടുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്കെതിരായ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നതിനാലാണ് ഈ മാറ്റിനിര്‍ത്തല്‍. എന്നാല്‍ കുതിര ഓടിപ്പോയശേഷം ലായം പൂട്ടുന്ന പരിപാടിയാണിത്. അപകടം സംഭവിച്ചു കഴിഞ്ഞു. അപമാനം പാര്‍ട്ടിയെ വിഴുങ്ങിയിരിക്കുന്നു. സൂത്രപ്പണികളിലൂടെ അണികളെ കബളിപ്പിക്കാമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നും കരുതുന്നത് മൗഢ്യമായിരിക്കും.
കോടിയേരി രാജിവച്ചതുകൊണ്ട് പാര്‍ട്ടിയും സര്‍ക്കാരും കുറ്റവിമുക്തമാകുന്നില്ല. കോടിയേരിയുടെ രാജി ചികിത്സയ്ക്കു വേണ്ടിയാണെന്ന് പറയുന്നത് ബോധപൂര്‍വമാണ്. മകന് കേസില്‍ പ്രതിയായതിനാലാണെന്നു വന്നാല്‍ മുഖ്യമന്ത്രി പിണറായിക്കും അത് ബാധകമാവും. യഥാര്‍ത്ഥത്തില്‍ കോടിയേരിയെക്കാള്‍ ഗുരുതരമാണ് പിണറായിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍. പിണറായിയുടെ മക്കളും സംശയത്തിന്റെ നിഴലിലാണ്. പിണറായി രാജിവയ്ക്കേണ്ടത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു തന്നെയാണ്. അങ്ങനെ വന്നാല്‍ പിന്നെ സര്‍ക്കാരില്ലല്ലോ. അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് പാര്‍ട്ടിയെയും നേതാക്കളെയും രക്ഷിക്കാന്‍ സര്‍ക്കാരിന്റെ അധികാരം കയ്യിലുണ്ടായിരിക്കണം. ഈ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് കോടിയേരിയുടെ മാത്രം രാജി. പക്ഷേ എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും ഇതിലെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും. അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ വലയം ചെയ്തു കഴിഞ്ഞു. സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ഫോണ്‍ പോയിരിക്കുന്നതെന്ന വിവരം ലഭിച്ചു കഴിഞ്ഞു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയടക്കമുള്ളവരെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്ന മുറയ്ക്ക് എല്ലാം പുറത്താവും. ഉപ്പുതിന്നത് കോടിയേരിയും പിണറായിയുമാണ്. ഒരാള്‍ മാത്രം വെള്ളം കുടിച്ചാല്‍ പോരല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: