കോഴിക്കോട്: എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ കെ.കെ. ഷാജിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളിലേക്ക്. കേസിലെ പ്രതികളായ രണ്ടു പേര് ഇന്നലെ കോടതിയില്‍ കീഴടങ്ങി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി.
കേസിലെ മുഖ്യആസൂത്രകരില്‍ ഒരാളായ പോപ്പുലര്‍ഫ്രണ്ട് ജില്ലാ കമ്മറ്റിയംഗവും സിറ്റി ഡിവിഷന് സെക്രട്ടറിയുമായ എലത്തൂര്‍ വടക്കരകത്ത് ഹനീഫ (38), എസ്ഡിപിഐയുടെ തൊഴിലാളി സംഘടന എസ്ഡിടിയുവിന്റെ ജില്ലാ നേതാവും ചെറൂട്ടി റോഡിലെ ചുമട്ടുതൊഴിലാളിയുമായ പുതിയങ്ങാടി ചാലില്‍ മന്ദംകണ്ടിപറമ്പില് ഷബീര്‍ അലി (37) എന്നിവരാണ് ഇന്നലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി – ഒന്നില്‍ കീഴടങ്ങിയത്. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതികളും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായ മായനാട് സ്വദേശി അബ്ദുള്ള, പൂവ്വാട്ടുപറമ്പ് സ്വദേശി അബ്ദുള്‍ അസീസ് എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൂടുതല്‍ നേതാക്കള്‍ക്ക് അക്രമത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മുഖ്യആസൂത്രകനായ ഹനീഫയെ കൂടാതെ ആസൂത്രണത്തില്‍ പങ്കുവഹിച്ച അന്നത്തെ ഡിവിഷന് സെക്രട്ടറി വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും പോലീസ് ആരംഭിച്ചു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ആനക്കുഴിക്കര കിഴക്കേ മായിങ്ങോട്ട് അന്‍സാറും ഒളിവിലാണ്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാല്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നെങ്കിലും പോലീസിന്റെ വാദം അംഗീകരിച്ച് ഹൈക്കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറിയ രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരെ സംഭവത്തില്‍ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
2019 ഒക്ടോബര്‍ 12നാണ് ഷാജിയെ ഓട്ടോറിക്ഷ ഓട്ടം വിളിച്ചു കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഡിസിപി സുജിത്ത് ദാസിന്റെ മേല്‍നോട്ടത്തില്‍ നോര്‍ത്ത് അസി. കമ്മീഷണര്‍ കെ. അഷ്റഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസന്യേഷിക്കുന്നത്. ചേവായൂര്‍ സിഐ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ ഒരു വര്‍ഷം നീണ്ട അന്വേഷണത്തിലാണ് മുഖ്യപ്രതികളായ മായനാട് സ്വദേശി അബ്ദുള്ള, പൂവ്വാട്ട്പറമ്പ് സ്വദേശി അബ്ദുള്‍ അസീസ് എന്നിവര്‍ അറസ്റ്റിലായത്.
സ്ത്രീകളെ കൊണ്ട് ഉന്നതഉദ്യോഗസ്ഥര്‍ക്കും അന്വേഷണ സംഘാങ്ങള്ക്കുമെതിരെ വ്യാജ പരാതികള്‍ നല്കി അന്വേഷണം വഴിതിരിച്ചുവിടാന്‍ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് നേതൃത്വം തുടര്‍ച്ചയായി ശ്രമം നടത്തിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഫോ ണ് കോളുകളാണ് പോലീസ് പരിശോധിച്ചത്. സാധ്യമായ എല്ലാ ശാസ്ത്രീയ വഴികളും തേടിയാണ് പ്രതികളിലേക്കെത്തുന്നത്.
ചേവായൂര്‍ എസ്ഐ രഘുനാഥന്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എഎസ്ഐ ഒ.മോഹന്‍ദാസ്, സജി, എസ്സിപിഎമാരായ എം. ഷാലു, ഹാദില്‍ കുന്നുമ്മല്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: