തൃശൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ ഭാര്യയും സിപിഎം നേതാവുമായ ആര് ബിന്ദുവിനെ കേരളവര്‍മ കോളജില്‍ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു. പ്രിന്‍സിപ്പലിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കിയും പുതിയ തസ്തിക സൃഷ്ടിച്ചുമാണ് കോളജ് മാനേജ്മെന്റ് ആയ കൊച്ചിന് ദേവസ്വം ബോര്‍ഡ് നിയമനം നടത്തിയിരിക്കുന്നത്. നിര്‍മാണ, അക്കാദമിക പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പ്രിന്‍സിപ്പലിന്റെ പകുതിയിലേറെ ചുമതലകള്‍ ബിന്ദുവിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
ചില സ്വകാര്യ കോളജുകളില്‍ നിലവിലുള്ള പ്രത്യേക അധികാരമില്ലാത്ത വൈസ് പ്രിന്‍സിപ്പല്‍ തസ്തികയാണ് ബിന്ദുവിനായി സൃഷ്ടിച്ചത്. കിഫ്ബി വഴി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കമുള്ള കാര്യങ്ങളിലുള്ള മേല്‍നോട്ടവും ബിന്ദുവിന് ആയിരിക്കുമെന്ന് നിയമന ഉത്തരവില്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. നാക് അക്രഡിറ്റേഷന് പോലുള്ള പ്രധാന കാര്യങ്ങളുടെ സ്വതന്ത്ര ചുമതലയ്ക്കൊപ്പം ഡെവലപ്മെന്റ് ഫോറം. പിടിഎ തുടങ്ങിയവയുടെ കീഴില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും ബിന്ദവിന്റെ മേല്‍നോട്ടമുണ്ടാകും.
ഇതോടെ കോളജിന്റെ ദൈനംദിന, പരീക്ഷ നടത്തിപ്പുകളുടെ ഉത്തരവാദിത്വം മാത്രമുള്ള നോക്കുകുത്തിയായി പ്രിന്‍സിപ്പല്‍ മാറുമെന്ന ആക്ഷേപവും പുതിയ നിയമനത്തിനൊപ്പം ഉയര്‍ന്നു. സ്വകാര്യ കോളജുകളില്‍ വൈസ് പ്രിന്‍സിപ്പലിന് ചുമതലകള്‍ നല്‍കുന്നത് പ്രിന്‍സിപ്പലാണെന്നത് ബിന്ദുവിന്റെ നിയമകാര്യത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് കണക്കിലെടുത്തിട്ടില്ല. മുന്‍ മേയര്‍ കൂടിയാണ് നിയമനം ലഭിച്ച ആര് ബിന്ദു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: