ന്യൂദല്‍ഹി: ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം അഴിച്ചുപണിത് ബിസിസിഐ. പരിക്കിന്റെ പിടിയിലായ താരങ്ങളെ ഒഴിവാക്കിയും ഐപിഎല്ലില്‍ ഫോം തെളിയിച്ചവരെ ഉള്‍പ്പെടുത്തിയും പുതിയ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ട്വന്റി20 ടീമിന് പുറമെ ഏകദിന ടീമിലും ഇടം നേടി. രോഹിത് ശര്‍മയെ ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തി. രോഹിത്തിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പരിക്ക് ഭേദമായ സാഹചര്യത്തിലാണ് താരത്തെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായി ട്വന്റി20, ഏകദിന ടീമുകളില്‍ നിന്ന് ഒഴിവാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുണ്‍ ചക്രവര്‍ത്തിയെ ട്വന്റി20 ടീമില്‍ നിന്നും ഒഴിവാക്കി. പരിക്കായതിനാലാണ് താരത്തെ ഒഴിവാക്കിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ടി. നടരാജനെ വരുണിന് പകരം ടീമില്‍ ഉള്‍പ്പെടുത്തി. നായകന് വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: