ആരും വിചാരിക്കാത്തവിധം നീണ്ടുപോയ അത്യന്തം നാടകീയമായ വോട്ടെണ്ണലിനും, പരസ്പര വിരുദ്ധമായ അവകാശവാദങ്ങള്ക്കുമൊടുവില് അമേരിക്കന്‍ ഐക്യനാടുകളുടെ നാല്‍പ്പത്തിയാറാമത് പ്രസിഡന്റായി എഴുപത്തിയേഴുകാരനായ ജോ ബൈഡന് തെരഞ്ഞെടുക്കപ്പെട്ടത് പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. രണ്ടാമൂഴത്തിന് ശ്രമിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെതിരെ തിളങ്ങുന്ന വിജയം നേടിയാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ബൈഡന് അമേരിക്കയെ നയിക്കാന്‍ പോകുന്നത്. ഭാരത വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ചരിത്രപരമാണ്. 130 കോടി ജനങ്ങളും ഇതില്‍ അഭിമാനിക്കുന്നു. തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് വ്യത്യസ്തമായ വിലയിരുത്തലുകള്‍ വന്നേക്കാമെങ്കിലും ഒരു കാര്യം വ്യക്തമാണ്. പ്രസിഡന്റ് ട്രമ്പിന്റെ വ്യക്തിപരമായ പരാജയമാണിത്. ഭരണകാലയളവിലുടനീളം നടത്തിയ ചില നിരുത്തരവാദപരമായ പ്രസ്താവനകളും, പ്രവചനാതീതമായ പെരുമാറ്റങ്ങളും വലിയ തോതില്‍ ട്രമ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. കൊവിഡ് മഹാമാരിയെ എങ്ങനെ നേരിടണമെന്നറിയാതെ അമേരിക്കന്‍ ജനത ജീവിതത്തിനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടിയപ്പോള്‍ ഒരു ഭരണാധികാരിയെന്ന നിലയ്ക്കുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ട്രമ്പിന് വീഴ്ചകള്‍ പറ്റി. ഈ മഹാമാരി മാനവരാശിക്കുമേല്‍ അടിച്ചേല്‍പ്പിച്ച കമ്യൂണിസ്റ്റ് ചൈനയെ പലയാവര്‍ത്തി കടിച്ചുകുടഞ്ഞെങ്കിലും സ്വന്തം രാജ്യത്തെ ജനങ്ങളെ ഈ വിപത്തില്‍നിന്ന് രക്ഷിക്കുന്നതില്‍ തീരെ ശുഷ്കാന്തി കാണിച്ചില്ല എന്ന വിമര്‍ശനം ട്രമ്പിനെ പരാജയത്തിലേക്ക് നയിച്ച മുഖ്യകാരണങ്ങളിലൊന്നാണ്.
അഭിമാനാര്‍ഹമായ വിജയമാണ് ജോ ബൈഡന് നേടിയിട്ടുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഡമോക്രാറ്റുകളുടെ ഈ മുന്നേറ്റത്തെ വസ്തുതകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ടും, ലോകത്തെ ശാക്തിക ചേരികള്‍ക്കിടയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ മനസ്സിലാക്കാതെയും ഉപരിപ്ലവമായി വ്യാഖ്യാനിക്കാനും ചിത്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ട്രമ്പ് പരാജയപ്പെട്ടിരിക്കാം, പക്ഷേ ‘ട്രമ്പിസം’ പൂര്‍ണമായി തള്ളിക്കളയാന്‍ ഡമോക്രാറ്റുകള്‍ക്കും ജോ ബൈഡനും കഴിയില്ല. വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നും ഇല്ലാതിരുന്നെങ്കിലും അമേരിക്കന്‍ ജനതയുടെ ദേശീയാഭിലാഷത്തെ പ്രതിഫലിപ്പിക്കാന്‍ ട്രമ്പിന് കഴിഞ്ഞിരുന്നു. ആഗോള ഭീഷണിയായി വര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരവാദത്തെ തുറന്നെതിര്‍ക്കാന്‍ ട്രമ്പ് മടിച്ചില്ല. എല്ലാത്തരം കുതന്ത്രങ്ങളിലൂടെയും ലോകാധിപത്യത്തിനു ശ്രമിക്കുന്ന ചൈനയെ വെല്ലുവിളിക്കാനും നിലയ്ക്കു നിര്‍ത്താനും മറ്റൊരു അമേരിക്കന്‍ ഭരണാധികാരിയും ഇത്ര ധൈര്യം കാണിച്ചില്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഒളിച്ചുകളിക്കോ ആരുടെയെങ്കിലും മുഖസ്തുതിക്കോ നിന്നില്ല. ഇന്തോ-പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന ട്രമ്പിന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതായിരുന്നു.
ബൈഡന്റെ വിജയം ഭാരതത്തിനെതിരാണെന്ന വിധത്തിലുള്ള ഒരു തെറ്റായ പ്രചാരണം രാജ്യത്തിനകത്തും പുറത്തും നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും സ്ഥാപിച്ച സൗഹൃദത്തെ മുന്‍നിര്‍ത്തിയാണ് ചിലര്‍ ഇതിന് ചാടിപ്പുറപ്പെട്ടിട്ടുള്ളത്. രാഷ്ട്രങ്ങള്‍ തമ്മിലെ നയതന്ത്രബന്ധങ്ങളെ കക്ഷി രാഷ്ട്രീയത്തിനപ്പുറം നോക്കിക്കാണാത്തവരോട് സഹതപിക്കാനേ കഴിയൂ. ട്രമ്പുമായുള്ള മോദിയുടെ ബന്ധം അമേരിക്കയുടെ ഭരണാധികാരി എന്ന നിലയ്ക്കായിരുന്നു. ട്രമ്പിന്റെ സ്ഥാനത്ത് ബൈഡന് വരുമ്പോഴും ഇതിനു മാറ്റമുണ്ടാവില്ല. ബൈഡന് ആശംസ നേര്‍ന്നുകൊണ്ടുള്ള മോദിയുടെ സന്ദേശത്തിന് ഔപചാരികതയ്ക്കപ്പുറമുള്ള അര്‍ത്ഥതലങ്ങളുണ്ട്. ബൈഡന് വൈസ് പ്രസിഡന്റായിരുന്ന കാലത്ത് അടുത്തിടപഴകാന്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ മോദി പങ്കുവയ്ക്കുകയുണ്ടായി. പലരും ചൂണ്ടിക്കാട്ടുന്നത് ബൈഡന് ചൈനയോട് മൃദുസമീപനം സ്വീകരിക്കുമെന്നും, അത് ഭാരതത്തിന് തിരിച്ചടിയാവുമെന്നുമാണ്. ഇത് വ്യാമോഹമാണ്. അങ്ങനെയൊരു നിലപാട് ഒരു അമേരിക്കന്‍ ഭരണകൂടത്തിനും എടുക്കാനാവില്ല. പ്രസിഡന്റുമാര്‍ മാറുന്നതിനനുസരിച്ച് ഭരണസംവിധാനം മാറിമറിയുന്ന രാഷ്ട്രമല്ല അമേരിക്ക. മാറിയ സാഹചര്യത്തില്‍ ഭാരതത്തിനും അമേരിക്കയ്ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട നിരവധി മേഖലകളുണ്ട്. വൈസ് പ്രസിഡന്റായി തമിഴ്നാട്ടുകാരി കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ഉറപ്പുള്ളതാക്കാന്‍ സഹായിക്കും. നമസ്തേ ബൈഡന് എന്നുതന്നെ നമുക്ക് സംബോധന ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: