കോണ്‍ഗ്രസ്സിന് അധികാരം കിട്ടിയാല്‍ ഏതു സാഹചര്യത്തിലും അടിയന്തരാവസ്ഥ ആവര്ത്തിക്കാമെന്നതിന്റെ പ്രത്യക്ഷോദാഹരണമാണ് റിപ്പബ്ലിക് ടിവി ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍. പാല്‍ഗറില്‍ രണ്ട് സംന്യാസിമാര്‍ ദാരുണമായി കൊലചെയ്യപ്പെട്ടതിനെക്കുറിച്ചും, പ്രശസ്തിയുടെ കൊടുമുടി കയറുകയായിരുന്ന ഹിന്ദി സിനിമാതാരം സുശാന്ത് സിങ് രജ്പുത്ത് കൊല്ലപ്പെട്ടതിനെക്കുറിച്ചും മഹാരാഷ്ട്ര ഭരിക്കുന്നവരുടെ ഉറക്കം കെടുത്തുന്നവിധമുള്ള ചോദ്യശരങ്ങളുതിര്ത്ത അര്‍ണബിനെ കേസില്‍ കുടുക്കാനുള്ള ശ്രമം പാളിപ്പോവുകയായിരുന്നു. ഇതോടെയാണ് ഒരു ആത്മഹത്യാ കേസ് പൊടിതട്ടിയെടുത്ത് ഭയം എന്തെന്നറിയാത്ത ആ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തത്. റിപ്പബ്ലിക് ചാനലിനുവേണ്ടി ചില ജോലികള്‍ ചെയ്ത ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ചില വിവാദങ്ങളുണ്ടായിരുന്നു. ജോലിയെടുത്തതിന്റെ പണം ലഭിച്ചില്ല എന്നതായിരുന്നു പരാതി. എന്നാല്‍ ഈ കേസ് കോടതിയില്‍ ഒത്തുതീര്‍ന്നതാണ്. അന്വേ നായിക് മരിക്കാനിടയായതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന അര്‍ണബിന്റെ വിശദീകരണം കോടതിക്ക് ബോധ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ ആരുടെയോ ഒരു മൊഴി സംഘടിപ്പിച്ച് അര്‍ണബിനെ ജയിലിലടയ്ക്കാനാണ് മുംബൈ പോലീസ് ശ്രമിക്കുന്നത്.
പാല്‍ഗറില്‍ സംന്യാസിമാര്‍ പൈശാചികമായി കൊല ചെയ്യപ്പെട്ടതിനെക്കുറിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി മൗനം പാലിച്ചതിനെ അര്‍ണബ് തന്റെ ചാനലിലൂടെ ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ടത് ക്രൈസ്തവ പാതിരിമാരായിരുന്നുവെങ്കില്‍ സോണിയ വത്തിക്കാനിലേക്ക് റിപ്പോര്ട്ടയയ്ക്കുമായിരുന്നുവെന്ന് പരിഹസിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ രാജ്യദ്രോഹപരമായ നിലപാടിനെ നിരന്തരം തുറന്നുകാട്ടുന്നതിനാല്‍ പണ്ടുമുതലേ കോണ്‍ഗ്രസ്സ് ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച അര്‍ണബിനെതിരെ പാല്‍ഗര്‍ സംഭവത്തോടെ സര്‍വസന്നാഹങ്ങളോടെയും നീങ്ങുകയാണുണ്ടായത്. കോണ്‍ഗ്രസ്സിന് ഭരണ പങ്കാളിത്തമുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ സോണിയയുടെ താളത്തിന് തുള്ളുകയാണ്. സുശാന്ത് സിങ്ങിന്റെ ദുരൂഹ മരണത്തില്‍ ഭരണത്തെ നിയന്ത്രിക്കുന്ന ചിലരുടെ കൈകളുണ്ടെന്നതിന് അര്‍ണബിന്റെ ചാനല്‍ വിശ്വാസയോഗ്യമായ വിവരങ്ങള്‍ പുറത്തുവിട്ടു. സുശാന്തിന്റെ മരണത്തെക്കുറിച്ചുള്ള കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തതോടുകൂടി സംശയത്തിന്റെ നിഴലിലായവര്‍ ഒറ്റക്കെട്ടായി ചേര്‍ന്ന് അര്‍ണബിനെ നിശ്ശബ്ദനാക്കാന്‍ ചാടിപ്പുറപ്പെടുകയായിരുന്നു. ചാനലിന്റെ ടിആര്‍പി
റേറ്റില്‍ കൃത്രിമം കാണിക്കുകയാണെന്ന ആരോപണവുമായി മുംബൈ പോലീസ് രംഗത്തുവന്നെങ്കിലും അത് ചെയ്തത് മറ്റൊരു ചാനലാണെന്ന് മണിക്കൂറുകള്‍ക്കകം അര്‍ണബ് തെളിയിച്ചു. ഇതോടെ മുംബൈ പോലീസിന്റെ പ്രതികാരം വര്‍ധിച്ചു.
അര്‍ണബിനെതിരായ കേസ് അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയുന്നത് അവസാനിപ്പിക്കാനുള്ള ശ്രമമാണെന്ന് പകല്‍പോലെ വ്യക്തമാണ്. അര്‍ണബ് പറയുന്നത് തെറ്റാണെങ്കില്‍ അക്കാര്യം മറ്റുള്ളവര്‍ക്ക് പറയാം. അപ്പോഴും അര്‍ണബിനുള്ള അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും പത്രപ്രവര്‍ത്തകരെ പീ
ഡിപ്പിച്ചും അടിയന്തരാവസ്ഥയില്‍ ഇതാണ് ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സ് ചെയ്തത്. ഇതിന്റെ തനിയാവര്‍ത്തനമാണ് ഒരു സംസ്ഥാനത്തെ ഭരണാധികാരം ദുരുപയോഗിച്ച് സോണിയയുടെ കോണ്‍ഗ്രസ്സ് ചെയ്യുന്നത്. ഭരണകൂട ഭീകരതയിലൂടെ മാധ്യമ സ്വാതന്ത്ര്യത്തെ അക്ഷരാര്‍ത്ഥത്തില്‍ അടിച്ചമര്‍ത്തുമ്പോള്‍ അതിനെതിരെ നിലയുറപ്പിക്കേണ്ടവര്‍ ഒറ്റുകാരെയും വിധേയന്മാരെയും പോലെ പെരുമാറുന്നു. ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ മറവില്‍ കലാപത്തിന് ശ്രമിച്ച സിദ്ദിഖ് കാപ്പന് എന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷം കെട്ടിയ മതതീവ്രവാദിക്കെതിരെ യുപി പോലീസ് കേസെടുത്തതിന് ഐക്യരാഷ്ട്രസഭയെക്കൊണ്ടുപോലും പ്രതികരിപ്പിച്ച ലോബി അര്‍ണബിന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നതിലെ വിരോധാഭാസം ആപല്‍ക്കരമാണ്. അര്‍ണബ് ഗോസ്വാമി ഇന്നൊരു വ്യക്തിയല്ല. അനീതികള്‍ക്കെതിരെ പോരാടുന്നതിന്റെയും രാഷ്ട്രത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന്റെയും പ്രതീകമാണ്. ഈ പോരാട്ടത്തില്‍ അര്‍ണബ് പരാജയപ്പെടാന്‍ പാടില്ല. അടിയന്തക്കെതിരെ കണ്ടതുപോലുള്ള അതിശക്തമായ ജനരോഷം ഉയരേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: