ഇടവെട്ടി: തൊണ്ടിക്കുഴയില്‍ നിയമം കാറ്റില്‍പ്പറത്തി സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. അനധികൃത കൈയേറ്റം പൊളിച്ച് നീക്കാതെയാണ് സിപിഎം 1, 2, 3 വാര്‍ഡുകളുടെ തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നത്. ആകെ ഒരു സെന്റിലധികം ഭൂമിയാണ് ഇവിടെ നിയമ പ്രകാരമുള്ളത്. കെട്ടിടം നിര്‍മ്മിച്ചതിന് ശേഷം ഇതിന് മുന്നിലുള്ള മുറ്റത്ത് റോഡ് വരെ ഷീറ്റിടുകയും ചെയ്തു.
താല്‍ക്കാലികമായി ടാര്‍പോളിന്‍ വലിച്ചുകെട്ടി ഓഫീസ് തുറക്കുന്നുവെന്ന വ്യാജേനെയാണ് ഷീറ്റും കമ്പിയും അടക്കം ഉപയോഗിച്ച് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. കെട്ടിടത്തില്‍ ആസ്ബറ്റോസ് ഷീറ്റും, മുമ്പില്‍ അലുമിനിയം ഷീറ്റുമാണ് ഇട്ടിരിക്കുന്നത്.
ചാലംകോട് ക്ഷേത്രത്തിന് സമീപം ഇടവെട്ടി റോഡ് ആരംഭിക്കുന്നിടത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ മൂന്ന് അതിരുകളില്‍ ഒരുവശം കനാലാണ്, മറ്റു രണ്ടുവശങ്ങള്‍ റോഡും. എവിഐപിയുടേയും പിഡബ്ല്യുഡിയുടേയുമാണ് റോഡുകള്‍. മൂന്നുവശങ്ങളില്‍ നിന്ന് മൂന്ന് മീറ്റര്‍ വീതം ഉള്ളിലേക്ക് വലിച്ചുവേണം ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍.
ഇത് പാലിക്കാത്തതിനാല്‍ അന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കെട്ടിടം പണി തടയുകയായിരുന്നു. 2015ലാണ് ഇവിടെയുള്ള ഒരു സെന്റിലധികം വരുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയത്. വീട് നിര്‍മിക്കാനായി വാങ്ങിയ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കാനാകാതെ കിടന്നതിനാലാണ് ചെറിയ തുകയ്ക്കു സ്ഥലം വാങ്ങിയത്. പിന്നാലെ എം.എം. മണിയെത്തി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്ന പേരില്‍ നിര്‍മ്മാണ ഉദ്ഘാടനവും നടത്തി. പണംവാരിയെറിഞ്ഞ് കൊട്ടിഘോഷിച്ചാണ് ഇവിടെ സഖാവ് എം.കെ. കൃഷ്ണന്‍നായര്‍ എന്ന പേരിലുള്ള സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടത്.
പിന്നാലെ ബിജെപി നേതാക്കള്‍ പരാതി നല്‍കുകയും നിര്‍മ്മാണം നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു.സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിര്‍മാണം തുടര്‍ന്നതോടെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും നടപടി വരികയുമായിരുന്നു. പിന്‍വശത്തെ മുറി പൂര്‍ണമായും പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ അന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. പിന്നീട് വര്‍ഷങ്ങളോളം ഭിത്തി മാത്രമുള്ള കെട്ടിടം തല്‍സ്ഥിതി തുടര്‍ന്നു. എന്നാല്‍ നിര്‍ദേശം അവഗണിച്ച് പിന്നിലുള്ള ചെറിയ മുറിയുടെ നിര്‍മ്മാണം നടത്താതെയാണ് നിലവില്‍ കെട്ടിടം പണി തീര്‍ത്തിരിക്കുന്നത്.
കെട്ടിട നിര്‍മ്മാണം പരിശോധിച്ച് അനുമതി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം വളച്ചൊടിച്ചാണ് സിപിഎം നേതാക്കള്‍ നിര്‍മാണം നടത്തിയത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ എംവിഐപി അധികൃതരെ ഭീഷണിപ്പെടുത്തി പറഞ്ഞച്ചയാതും ആക്ഷേപമുണ്ട്.
അതേസമയം അനധികൃത നിര്‍മ്മാണം സംബന്ധിച്ച് പരാതി ലഭിച്ചെന്നും ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഇടവെട്ടി പഞ്ചായത്ത് സെക്രട്ടറി ജന്മഭൂമിയോട് പറഞ്ഞു. സ്ഥലത്തെ നിര്‍മ്മാണം വിശദമായി പരിശോധിക്കുമെന്ന് എംവിഐപിയുടെ മേഖലയുടെ ചുമതലയുള്ള എഇയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: