കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലും ബെംഗളൂരു മയക്കു മരുന്ന് കേസിലും പൂര്‍ണ്ണമായും ഒറ്റപ്പെട്ട സിപിഎം നേതൃത്വം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വിശ്വാസമാര്‍ജ്ജിക്കാന്‍ മാധ്യമങ്ങള്‍ക്കെതിരെ ജനകീയക്കൂട്ടായ്മ നടത്തുന്നു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ബ്രാഞ്ച് തലത്തില്‍ കേരളത്തിലുടനീളം ജനകീയക്കൂട്ടായ്മയെന്ന പേരില്‍ പരിപാടി സംഘടിപ്പിക്കാനാണ് സിപിഎം നീക്കം. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റോടെ പാര്‍ട്ടിയില്‍ ഏതാണ്ട് പൂര്‍ണ്ണമായും ഒറ്റപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോയിയേരി ബാലകൃഷ്ണനും മുന്‍കയ്യെടുത്താണ് പരിപാടിക്ക് രൂപം നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കീഴ്ഘടകങ്ങളില്‍ നഷ്ടമായ ആത്മവിശ്വാസം തിരികെ പിടിക്കുയെന്ന ലക്ഷ്യം കൂടി കൂട്ടായ്മയ്ക്ക് പിന്നിലുണ്ട്.
സ്വര്‍ണ്ണക്കടത്തിലും ബെംഗളൂരു മയക്ക് മരുന്ന് കേസിലും മുഖ്യപ്രതിപക്ഷമായ ബിജെപിയും കോണ്‍ഗ്രസ്സും ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് വന്നതോടെ മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ദിവസങ്ങളായി പ്രധാനപ്പെട്ട മാധ്യമങ്ങളിലെല്ലാം വരുന്ന വാര്‍ത്തകള്‍ വലത് സംഘടനകളെ സഹായിക്കാന്‍ സിപിഎമ്മിനെതിരെ വന്‍കിട കോര്‍പ്പറേറ്റുകള്‍ കെട്ടിച്ചമയ്ക്കുന്നതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. ലോകവ്യാപകമായി കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ പ്രചാരണ ഉപകരണങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്വതന്ത്രമെന്ന പ്രതീതി സൃഷ്ടിച്ചു കൊണ്ട് നിശ്ചയിച്ച അജണ്ടകള്‍ക്ക് അനുസൃതമായി പൊതുബോധം നിര്‍മ്മിക്കുന്നതിനാണ് ഭൂരിപക്ഷം മാധ്യമങ്ങളും ശ്രമിക്കുന്നതെന്നുമാണ് നേതൃത്വത്തിന്റെ ഔദ്യോഗിക ഭാഷ്യം.
ബിനീഷ് കോടിയേരിക്കെതിരെ നേരത്തെയും പലവിധ ആരോപണങ്ങളുയര്‍ന്ന് വന്നപ്പോഴും നിയന്ത്രിക്കാനോ നടപടിയെടുക്കാനോ തയ്യാറാകാതെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. പിണറായിയുടെയും കോടിയേരിയുടെയും കണക്ക് കൂട്ടലിന് വിരുദ്ധമായി കണ്ണൂര്‍ ലോബി പൂര്‍ണ്ണമായും കൈവിട്ടതോടെയാണ് സര്‍ക്കാരിലും പാര്‍ട്ടിയിലും നഷ്ടപ്പെട്ട സ്വാധീനം തിരികെ പിടിക്കാന്‍ മാധ്യമങ്ങളെ പഴിചാരി ന്യായീകരണവുമായി രംഗത്ത് വരാന്‍ തീരുമാനമായത്. ഇരുവരുടെയും പിന്നില്‍ എന്നും ഉറച്ച് നില്ക്കാറുള്ള ഇ.പി. ജയരാജന് ഉള്‍പ്പടെയുള്ള കണ്ണൂരില്‍ നേതാക്കള്‍ പൂര്‍ണ്ണമായും നിശബ്ദരാണ്. കോടിയേരിയുടെയും പിണറായിയുടെയും അപ്രമാധിത്വത്തിനെതിരെ നേരത്തെതന്നെ അസംതൃപ്തരായ മറ്റ് നേതാക്കളും പ്രതിസന്ധി അവര്‍ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലാണ്. കൃത്യമായ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ വലത് പക്ഷ കൂട്ടായ്മയെന്നും കോര്‍പറേറ്റ് കമ്മ്യൂണിസ്റ്റ് വിരുദ്ധതയെന്നും പ്രചരിപ്പിച്ച് പ്രതിരോധിക്കാനാവുമെയന്ന കാര്യത്തിലും ഇവര്‍ക്ക് ആശങ്കയുണ്ട്. മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനുള്ള നീക്കം തിരിച്ചടിക്കുമെന്ന ആശങ്കയുമുണ്ട്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്ന പിണറായിയുടെ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: