ബ്രൂക്ക്ലിൻ (ന്യുയോർക്ക്) ∙ കൊലപാതക കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട വ്യക്തിയെ 29 വർഷത്തെ ജയിൽ വാസത്തിനുശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുന്നതിന് ഉത്തരവായി. 2014 നും ശേഷം കുറ്റവിമുക്തമാക്കപ്പെടുന്ന 29–ാമത്തെ നിരപരാധിയാണ് ജറാർഡ്.
ജെറാർഡ് ഡുമോണ്ട് വിമോചിതനായതോടെ ഡുമോണ്ടിന്റെ മാതാവും കുടുംബാംഗങ്ങളും ദീർഘകാലമായി നടത്തിവന്ന നിയമ യുദ്ധത്തിന് വിരാമമായി. 1987 മാർച്ചിലായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ് ഹിങ്ക്സൺ എന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ച ആൾ നൽകിയ വിവരമനുസരിച്ചാണ് ജെറാർഡിനെ പൊലീസ് കേസിൽ പ്രതിയാക്കുന്നത്. വേറെ ദൃക്സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല.
പ്രോസ്പെക്റ്റ് ലഫർട്ട്സ് ഗാർഡൻ ക്ലബിലെ പാർക്കിങ്ങ് ലാട്ടിൽ വച്ചു ഹിങ്ക്സനെ വെടിവച്ചതു ജെറാർഡ് ആയിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്. യാതൊരു ഫോറൻസിക് തെളിവുകളും ഇല്ലാതിരുന്നിട്ടും കൊലപാതക കേസിൽ ജെറാർഡിനെ പ്രതിചേർക്കുകയായിരുന്നു. മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ടാണ് ജെറാർഡ് ഹിങ്ക്സിനെ വെടിവച്ചത് എന്നായിരുന്നു റിപ്പോർട്ട്.
മാനസിക രോഗിയായ സാക്ഷിയെ ആശുപത്രിയിൽ ചികിത്സയ്ക്കു വിധേയമാക്കിയിരുന്നു. ഇയാൾ ജയിലിൽ വച്ചു മരിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ കേസിന്റെ എല്ലാവശങ്ങളും പരിഗണിച്ചില്ല എന്നു കണ്ടെത്തിയതിനെ തുടർന്നാണു ജറാർഡിനെ മോചിപ്പിക്കുന്നതിനുത്തരവായത്. മൂന്നു പതിറ്റാണ്ട് കുറ്റവാളിയെന്ന് മുദ്രകുത്തി. ജീവിക്കേണ്ടി വന്ന ജെറാൾഡിന്, ഒടുവിൽ മോചനം ലഭിച്ചതിൽ സന്തുഷ്ടനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: