തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് വലിയേട്ടന്മാരുടെ മുഖത്തുനോക്കി പറയാളുള്ളത് പറഞ്ഞവരാണ് സിപിഐ നേതാക്കള്‍. ആചാര്യന് ഇഎംഎസിനെ പോലും തിരുത്തിക്കാന്‍ ശ്രമിച്ചവരാണ് എം എന്‍ ഗോവിന്ദന് നായരും ഇ എം ജോര്‍ജ്ജും. മര്യാദക്കാരനായിരുന്നെങ്കിലും പി കെ വാസുദേവന്‍ നായരും സിപിഎമ്മിന്റെ തിട്ടൂരത്തിനൊത്ത് തുള്ളിയിരുന്നില്ല. വെളിയം ഭാര്ഗ്ഗവന് ഒരു വിട്ടു വീഴ്ചയക്കും തയ്യാറാകാതെ അച്ചുതാനന്ദനോടും പിണറായിയോടും പിടിച്ചുനിന്നു. സി.കെ ചന്ദ്രപ്പന് പോലും ആ പാരമ്പര്യം കാത്തു. ഇവരെയെല്ലാം കടത്തി വെട്ടും ഞാന്‍ എന്ന നിലയില്‍ വന്നയാളാണ് കാനം രാജേന്ദ്രന്.പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് തുടക്കകാലത്ത് നിശിതമായ വിമര്‍ശനങ്ങള്‍ കാനം ഉന്നയിക്കുന്നത് കേരളം കണ്ടു.
ജിഷ്ണുകേസിലെ പോലീസ് നടപടി ഇടത് വിരുദ്ധമാണെന്നും കാനം ഓര്‍മ്മിപ്പിച്ചു. ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തേയും എതിര്‍ത്തു.
യുഎപിഎ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഇടത് വിരുദ്ധമാണെന്നും നടപ്പാക്കില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി രാഷ്ട്രീയ ആര്‍ജവം കാണിക്കണമെന്നും ‘കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറയരുതായിരുന്നു’ എന്നും ഒക്കെ ഉപദേശിച്ചും കാനം കയ്യടി വാങ്ങി. കാനത്തിന്റേത് പതിപക്ഷ നിലപാടെന്ന് പ്രകാശ് കാരാട്ടിനുപോലും പരസ്യ പ്രസ്താവന ഇറക്കേണ്ടിവന്നു. നിലപാട് പ്രതിപക്ഷത്തിന്റേതല്ല, ഇടതുപക്ഷത്തിന്റേതാണെന്ന് മറുപടി നല്‍കിയും കാനം മിടുക്കു കാട്ടി.
എന്നാല്‍ പൊടുന്നനെ വിമര്‍ശനങ്ങള്‍ക്ക് മുനയൊടിഞ്ഞു. കാനം ഉള്‍വലിഞ്ഞു. ഇടത് പക്ഷത്തെ വലത് പക്ഷം അഥവാ നേര്‍പക്ഷം എന്ന സി.പി.ഐ യുടെ അവകാശവാദം തകര്‍ന്നു. അതിനെ ചൊല്ലി ശക്തമായ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലും നേരിടേണ്ടി വന്നെങ്കിലും കാനം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തില്‍ സി.പി.ഐ യെ സി.പി.എമ്മിന്റെ തൊഴുത്തില്‍കൊണ്ട് കെട്ടുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കണ്ടത്.
എപ്പോഴൊക്കെ ഏതൊക്കെ വിഷയങ്ങളില്‍ സി.പി.ഐ പ്രതിരോധം തീര്‍ക്കാന്‍ ഒരുമ്പെടുന്നുവോ അപ്പോഴെല്ലാം അത് മണത്തറിഞ്ഞ് കാനത്തെ എ കെ ജി സെന്ററില്‍ വിളിച്ച് വരുത്തി ഒരു ചര്‍ച്ച. ചര്‍ച്ച കഴിഞ്ഞാല്‍ കാനം ഡിം.
എന്തായിരിക്കും കാനം രാജേന്ദ്രനെ വരുതിയിലാക്കി നിര്‍ത്താന്‍ ഉപയോഗിക്കുന്ന തുറുപ്പ് ചീട്ട് ?
ആഭ്യന്തരവകുപ്പിന്റെ കയ്യില്‍ എന്ത് രേഖയാണ് കാനത്തിനെതിരെ ഉള്ളത്?
കാനത്തിന്റെ മകനെതിരെ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന രേഖകള്‍ കാണിച്ചാണോ ഭീഷണി ?
ഒരു കാര്യം ഉറപ്പിച്ച് പറയാം കാനം രാജേന്ദ്രന് എന്തിനെയോ വല്ലാതെ ഭയക്കുന്നു.
ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തത് ലഹരിമരുന്ന് കേസില്‍ അല്ലെന്നും ബിനീഷിനെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്നും പറയാന്‍ കാനത്തെ പ്രേരിപ്പിച്ചതും ഈ ഭയമാണോ. ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല. സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരു തരത്തിലും ബാധിക്കില്ല. കേന്ദ്ര ഏജന്‍സികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റും സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമാണെന്നും ഒക്കെയുള്ള ന്യായീകരണ ക്യാപ്സൂളുമായി കാനം എത്തിയത് ന്യായീകരിക്കാന്‍ അണികള്‍ വിഷമിക്കും. ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന കാനം രാജേന്ദ്രന് കുറേ നാളായി മൗനം പാലിക്കുന്നത് ബ്ലാക് മെയിലിങ് മൂലമാണെന്ന ആക്ഷേപം സിപിഐയിലും ഉയര്‍ന്നിരുന്നു.
സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന് ഇടനിലക്കാരനായി നിന്ന് കാനത്തിന്റെ മകന് അഴിമതി നടത്തിയെന്നും ഇതുവച്ച് മുഖ്യമന്ത്രി പിണറായി വിജയന് കാനത്തെ ബ്ലാക് മെയില്‍ ചെയ്യുന്നുവെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. കാനത്തിന്റെ മകന് കോടിക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി കമ്മിഷനായി തട്ടിയെടുത്തെന്നും സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളില്‍ പങ്കുണ്ടായിരുന്നുവെന്നുമാണ് ആരോപണം. ലഹരിക്കടിമയായ മകനെതിരെ മറ്റൊന്തോ തെളിവുകള്‍ ഉണ്ടെന്നും പറയുന്നുണ്ട്.
മൗനവും കടന്ന് പഞ്ചപുച്ഛമടക്കി വല്യേട്ടന്റെ മുന്നില്‍ ഏറാന്‍ മൂളിയായി നില്ക്കുന്ന കാനത്തിനെ എത്രനാള്‍ സഹിക്കും എന്ന ചിന്ത പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
കാനത്തിനെതിരെ കനലെരിഞ്ഞ് തുടങ്ങിയിട്ട് നാളേറെയായി. ആ കനല് അളിക്കത്തുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: