തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്റെ കാറില്‍ ബിനീഷ് കോടിയേരി ഇടപെട്ട് സ്വര്‍ണം കടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പ്രസിഡന്റിന്റെ പിഎ ആയി വിവാദ സ്ത്രീയെ നിയമിച്ചത് ദുരൂഹമാണ്. സ്പോര്‍ട്സ് കൗണ്‍സിലില്‍ പ്രസിഡന്റിന്റെ പി എ സി.പി.എം നോമിനി ആണ്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, പി.എ എന്നിവരെ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരള ക്രിക്കറ്റ് അസോസിയേഷനില്‍ ബിനീഷിന്റെ ബിനാമികളുണ്ട്. ബിനീഷ് കോടിയേരിയെ മുന്‍ നിര്‍ത്തി ബിനാമി സംഘങ്ങള്‍ കെസിഎ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ഹവാല ഇടപാടും അഴിമതിയും നടന്നു.ക്രിക്കറ്റ് അസോസിയേഷന് അഴിമതികള്‍ സംബന്ധിച്ച് അന്വേഷണം വേണം. ചലച്ചിത്രമേഖലയില്‍ പണം മുടക്കിയവരുടെ കാര്യത്തിലും വലിയ രീതിയിലുള്ള ആരോപണങ്ങള്‍ പുറത്തുവരികയാണ്. ചില പുതിയ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ഇടപെടലുകളുടെ കാര്യത്തില്‍ വിശദമായി പരിശോധന ആവശ്യമുണ്ട്. ഇപ്പോള്‍ കേള്‍ക്കുന്ന പോലെ വെറും അന്‍പതും അറുപതും ലക്ഷം രൂപയുടെ ഇടപാടുകളല്ല ബിനീഷ് കോടിയേരി നടത്തിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ സിനിമാ മേഖലയില്‍ നടന്നിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് ലഹരിക്കടത്ത് സംഘവുമായി ഈ ഇടപാടുകള്‍ക്ക് ബന്ധമുണ്ട് . ഇത് അന്വേഷണ വിധേയമാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: