തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നിന്ന് അധിക ദൂരമില്ല എകെജി സെന്ററിലേക്ക്. രണ്ടും സംസ്ഥാന ഭരണത്തിന്റെ സിരാ കേന്ദ്രങ്ങള്‍. പാര്‍ട്ടി ഓഫീസില്‍ കഴിഞ്ഞ നാലര വര്‍ഷമായി തിരക്കൊഴിഞ്ഞ ദിവസങ്ങളില്ല. സര്‍ക്കാരിന്റെയും വ്യക്തികളുടെ പ്രശ്നങ്ങള്‍ക്കുമെല്ലാം തീരുമാനം എടുക്കുന്നതിന് ഇരു ഓഫീസുകള്‍ക്കും നിര്‍ണായക ബന്ധം. എന്നാല്‍ ഇന്നലെ മുതല്‍ ഇരു ഓഫീസുകളിലും ശ്മശാന മൂകത. നേതാക്കളെയും അണികളെയും കാണാനില്ല. ഉള്ളവരാകട്ടെ പുറത്ത് വരാനും മടിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസും ഒരേ സമയം ആരോപണച്ചുഴിയില്‍ ആടി ഉലയുന്നത് ഇത് ആദ്യം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെയും ബെംഗളൂരില്‍ വച്ച് ഇഡി അറസ്റ്റ് ചെയ്തതോടെ പാര്‍ട്ടിയും സര്‍ക്കാരും ഒരേ സമയം ദുരിതത്തില്‍പ്പെട്ടു. കഷ്ടകാലം വന്നാല്‍ ഉത്തരം പറയേണ്ട തലപ്പത്തുള്ളവരാകട്ടെ പൂര്‍ണമായും ആരോപണവിധേയരും.
സിപിഎമ്മും സര്‍ക്കാരും ഇത്രക്ക് വെട്ടിലാവുന്ന അവസ്ഥ ഇതുവരെയും ഉണ്ടായിട്ടില്ല. പാര്‍ട്ടി ഓഫീസ് മയക്കുമരുന്ന് കള്ളക്കടത്ത് കേസിന്റെ നിഴലിലായപ്പോള്‍ ഭരണ സിരാകേന്ദ്രം സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന ആരോപണത്തിലും. മറുപടി പറയാനാകാതെ ബുദ്ധമുട്ടുകയാണ് സഖാക്കള്‍.
രണ്ടു വിഷയങ്ങളിലും സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരു ബന്ധവുമില്ലെന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമില്ലെന്നുമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നേതാക്കളുടെ കണ്ഠ മിടറിയുള്ള പ്രതികരണം.
ബിനീഷ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിച്ചോട്ടെ, തൂക്കികൊല്ലണമെങ്കില്‍ തൂക്കി കൊന്നോട്ടെ എന്നാണ് മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞത്. ബിനീഷിനെ അറസ്റ്റ് ചെയ്തതിനു ശേഷം ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആരെയും കിട്ടുന്നില്ല. എന്തിനും ഏതിനും പ്രതിരോധ നിര തീര്‍ക്കുന്ന സിപിഎം നേതാക്കളെയും പുറത്ത് കാണാനില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ വിജരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് എന്തെങ്കിലും പറയാന്‍ തയാറായത്.
ഇനിയുള്ള നാളുകള്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും നിര്‍ണായകമാണ്. അന്വേഷണ ഏജന്‍സികളുടെ നീക്കത്തിന് അനുസരിച്ചായിരിക്കും രാഷ്ട്രീയകേരളത്തിന്റെ ഭാവി. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ മറുപടി പറയുന്നതിന് കനത്ത വിലക്കാണ് മുഖ്യമന്ത്രി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: