തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്മെന്റ് ഡയറക്റ്റേറ്റ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച ചില ഉത്തരങ്ങളാണ് അന്വേഷണത്തിന്റെ മുന മുഖ്യമന്ത്രിയിലേക്കും നീങ്ങുന്നത്. ക്ലിഫ്ഹൗസില്‍ ബോസിനെ കാണാന്‍ പലതവണ സ്വപ്ന പോയിട്ടുണ്ടെന്നും സ്വപ്ന സമ്മാനിച്ച ഐഫോണ്‍ തന്റെ പക്കലായിരുന്നെങ്കിലും ബോസിന്റെ ഉപയോഗത്തിനായിരുന്നു അതെന്നുമാണ് ശിവശങ്കറിന്റെ മൊഴിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ബോസിന്റെ പങ്ക് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ആരായാല്‍ ഇഡി തയാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്വപ്നയ്ക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്യാന്‍ എന്തിന് ശിവശങ്കറിന് നിര്‍ദേശം നല്കി, യുഎഇ സന്ദര്‍ശനം തുടങ്ങിയ സംഭവങ്ങളില്‍ സംശയനിവാരണത്തിനായാണ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരം തേടുന്നത്.
എം. ശിവശങ്കറിനെ പ്രതിചേര്‍ത്തതോടെ സ്വര്‍ണക്കടത്തു കേസില്‍പ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കൂടുതല്‍ പേര് അറസ്റ്റിലാകുമെന്ന് ഉറപ്പായിരുന്നു. ഇവരില്‍ പ്രധാനി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനാണെന്ന് വിവരം. ഓഫീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും ജീവനക്കാരെക്കുറിച്ചും ഇന്നലെ ശിവശങ്കറില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു. രവീന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയിലും രവീന്ദ്രന് സമാന്തര ഓഫീസ് പ്രവര്‍ത്തനം നടത്തിയെന്ന് സിപിഎമ്മിനുള്ളിലും വലിയ വിമര്‍ശനങ്ങളുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്കു വേണ്ടി വഴിവിട്ട് സര്‍ക്കാര്‍ തലത്തിലും ബിനാമിയായി മറ്റു പല മേഖലകളിലും രവീന്ദ്രന്റെ പ്രവര്‍ത്തനങ്ങളുണ്ടെന്നാണ് ചര്‍ച്ചകള്‍. മുഖ്യമന്ത്രിയുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തിയ പ്രത്യേകം സംവിധാനമാണ് രവീന്ദ്രന് നടത്തുന്നത്.
മുഖ്യമന്ത്രിക്കും രവീന്ദ്രനെ കൈയൊഴിയാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു. മുമ്പ് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ, ആ ഓഫീസില്‍ പാര്‍ട്ടി പ്രതിനിധിയായി കോടിയേരി രവീന്ദ്രനെ നിയോഗിച്ചിരുന്നു.
ഈ സര്‍ക്കാരില്‍ പാര്‍ട്ടി പ്രതിനിധികളെ ജീവനക്കാരായി നിയോഗിക്കാന്‍ നിശ്ചയിച്ച പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, എത്രവട്ടം മന്ത്രിമാരുടെ കൂടെ ജോലി ചെയ്തു തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും രവീന്ദ്രന്റെ കാര്യത്തില്‍ ലംഘിച്ചു. ഈ മാനദണ്ഡങ്ങള്‍ പ്രകാരം മന്ത്രിമാരുടെ ഓഫീസില്‍ കടക്കാന്‍ കഴിയാത്ത രവീന്ദ്രന്, ചില ബാഹ്യശക്തികളുടെ സമ്മര്‍ദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിക്കപ്പെടുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്നു, ശിവശങ്കറേയും നിയന്ത്രിക്കാന്‍ പാകത്തില്‍ ശക്തനാണ് രവീന്ദ്രന്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിലൂടെ രവീന്ദ്രന്റെ പങ്കും തെളിവും വെളിപ്പെടും. ‘സമാന്തര ഓഫീസുകളുടെ’ പ്രവര്‍ത്തനവും അതില്‍ പങ്കാളികളായ മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ പങ്കും വെളിച്ചത്തുവരുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: