ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ടോസ് ലഭിച്ചത് നിര്ഭാഗ്യമായെന്ന് ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. നിത്യേന മാറിക്കൊണ്ടിരിക്കുന്ന പിച്ചിന്റെ സ്വഭാവം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും മത്സരശേഷം അയ്യര്‍ പറഞ്ഞു.
മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് 88 റണ്‍സിന് തോറ്റു. ബാറ്റിങ്ങിനയക്കപ്പെട്ട ഹൈദരാബാദ് 20 ഓവറില്‍ രണ്ട് വിക്കറ്റിന് 219 റണ്‍സ് എടുത്തു. മറുപടി പറഞ്ഞ ദല്‍ഹി 131 റണ്‍സിന് ഓള് ഔട്ടായി. ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷ കാത്തു. പന്ത്രണ്ട് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്. അതേസമയം ദല്‍ഹി മൂന്നാം സ്ഥാനത്താണ്. പന്ത്രണ്ട് മത്സരങ്ങളില്‍ അവര്‍ക്ക് പതിനാല് പോയിന്റുണ്ട്.
ഞങ്ങളെ സംബന്ധിച്ച് ഇത് വമ്പന്‍ തോല്‍വിയാണ്. ഇനി രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. അതില്‍ ഒന്നില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. ഈ തോല്‍വി പ്രചോദനമാകും. പവര്‍പ്ലേയില്‍ തന്നെ ഞങ്ങള്‍ തോറ്റു. ആദ്യ ആറു ഓവറില്‍ വാര്‍ണറും സാഹയും 70 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇത് ഹൈദരാബാദിനെ ശക്തമായ നിലയില്‍ എത്തിച്ചു.
വിക്കറ്റിന്റെ സ്വഭാവം മനസിലാക്കാനായില്ല. ബാറ്റ് ചെയ്യണോ ബൗള്‍ ചെയ്യണോയെന്ന് ചിന്തിക്കുമ്പോഴാണ് നിര്‍ഭാഗ്യമായി ടോസ് ലഭിച്ചത്. മഞ്ഞുവീഴ്ച ബൗളിങ്ങിനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബൗളിങ് തെരഞ്ഞെടുത്തതെന്ന് അയ്യര്‍ വെളിപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ക്യാപ്റ്റന്‍ വാര്‍ണര്‍ (66) വൃദ്ധിമാന്‍ സാഹ (87), മനീഷ് പാണ്ഡെ (44 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് 219 റണ്‍സ് എടുത്തത്. മറുപടി പറഞ്ഞ ദല്‍ഹിക്കായി രഹാനെ (26), ഋഷഭ് പന്ത് (36) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: