കൊല്ലം: കോവിഡ് മറവിലെ ശിക്ഷകള്‍, തുടര്‍ച്ചയായ പരിശോധനകള്‍, മാനസികപീഡനം ഇതെല്ലാം പതിവായതോടെ രണ്ടും കല്‍പ്പിച്ച് കളക്ട്രേറ്റ് നടയിലെത്തിയിരിക്കുകയാണ് വ്യാപാരികള്‍. തകര്‍ച്ചയിലായ വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും സര്‍ക്കാരിന്റെ വ്യാപാരദ്രോഹം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങിയത്.
വ്യാപാരികളുടെ നിരാഹാര സത്യഗ്രഹസമരം ഇന്നലെ രാവിലെ സംസ്ഥാന ജനറല്‍സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. കോവിഡ് വ്യാപനത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടവും പോലീസും വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയും കളക്ടറും വ്യാപാരികള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കടകളുടെ പ്രവര്‍ത്തന സമയം രാത്രി 9 വരെ അനുവദിക്കുക, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ കടകളില്‍ ആയിരക്കണക്കിന് രൂപ പിഴ ചുമത്തുന്നതും കേസെടുക്കുന്നതും അവസാനിപ്പിക്കുക, ഒരുവിഭാഗം പോലീസുകാര്‍ കട ഉടമകളെയും തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജനും ജനറല്‍സെക്രട്ടറി ജി. ഗോപകുമാറുമാണ് കളക്ടറേറ്റ് പടിക്കല്‍ അനശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം നടത്തുന്നത്.
സംസ്ഥാനതലത്തില്‍ നവംബര്‍ മൂന്നിന് പതിനായിരം കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ സൂചനാ പ്രതിഷേധധര്‍ണ നടത്തുമെന്നും രാജു അപ്സര അറിയിച്ചു. അഞ്ചുപേരടങ്ങുന്ന അംഗങ്ങള്‍ സംഘമായി തിരിഞ്ഞ് യൂണിറ്റുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുമ്പിലും പ്രധാന ജംഗ്ഷനുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ധര്‍ണയെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: