രാജകുമാരി: ബൈസണ്‍വാലി പതിനെട്ടേക്കറില്‍ ഏലത്തിന്റെ ശരം മുറിച്ച് ഏലക്കാ മോഷ്ടിച്ച് കടത്തുന്ന സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര് പിടിയിലായി. നേര്യമംഗലം മണിമരുതുംചാല്‍ സ്വദേശി മോളത്ത് ഡിന്റോ എല്‍ദോസ് (33), കോതമംഗലം കുട്ടന്പുഴ മണികണ്ഠന്‍ചാല്‍ പുത്തന്‍പുരയ്ക്കല്‍ പങ്കജാക്ഷി (57) എന്നിവരാണ് പിടിയിലായത്. അടുത്ത ദിവസങ്ങളില്‍ പതിനെട്ടേക്കര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രണ്ടുപേര്‍ പുതച്ചുമൂടി കിടക്കുന്നത് പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസികളായ ചിലര്‍ ശ്രദ്ധിച്ചിരുന്നു. നടത്തം കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ ഇവരെ കാണാറുണ്ടായിരുന്നില്ല.
സംശയം തോന്നിയ നാട്ടുകാര്‍ വെള്ളിയാഴ്ച്ച ഇരുവരെയും പരിശോധിച്ചപ്പോള്‍ ടോര്‍ച്ച്, പിച്ചാത്തികള്‍, സഞ്ചികള്‍ തുടങ്ങിയവ കണ്ടെടുത്തു. തുടര്‍ന്ന് രാജാക്കാട് പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് പച്ച ഏലക്കാ മോഷണത്തിനായി എത്തിയതാണെന്ന് മനസ്സിലായത്.
വൈകുന്നേരങ്ങളില്‍ ബൈസണ്‍വാലിക്കുള്ള അവസാന ബസില്‍ എത്തുന്ന ഇവര്‍ മറ്റാര്‍ക്കും സംശയം ജനിപ്പിക്കാത്ത വിധത്തില്‍ വെയിറ്റിംഗ് ഷെഡില്‍ തങ്ങുകയും, രാത്രിയാകുന്നതോടെ ഏലത്തോട്ടങ്ങളില്‍ ഇറങ്ങി ചെടികളില്‍ നിന്നും ശരം ഉള്‍പ്പെടെ അറുത്തെടുത്ത് വെയിറ്റിംഗ് ഷെഡില്‍ മടങ്ങിയെത്തും. തുടര്‍ന്ന് കായ് വേര്‍പെടുത്തി സഞ്ചികളിലാക്കിയശേഷം അവിടെത്തന്നെ കിടന്നുറങ്ങുകയും, പുലര്‍ച്ചെ ആദ്യ ബസിന് സ്വദേശത്തേക്ക് മടങ്ങുകയുമായിരുന്നു പതിവ്. കോതമഗലത്തെ ചില കടകളിലാണ് ഈ ഏലക്ക വിറ്റിരുന്നത്. രാജാക്കാട് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നും ഇപ്രകാരം മോഷണം നടത്തിയിട്ടുള്ളതായും പ്രതികള്‍ സമ്മതിച്ചു.
4 ടോര്ച്ചുകള്, ശരം കണ്ടിക്കുന്നതിനുള്ള 3 പിച്ചാത്തികള്‍ തുടങ്ങിയവ പോലീസ് ഇവരില്‍ നിന്നും കണ്ടെടുത്തു. ബൈസണ്‍വാലി മേഖലയിലെ വിവിധ കൃഷിയിടങ്ങളില്‍ നിന്നും പച്ച ഏലക്കാ മോഷണം പോയതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായിരിക്കുന്നത്.
രാജാക്കാട് സിഐ എച്ച്.എല്‍. ഹണിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: