ദുബായ്: ഐപിഎല്ലില്‍ കന്നി അര്‍ധ സെഞ്ചുറി കുറിച്ച് യുവതാരം ഋതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്സിനെ വിജയവഴിയില്‍ തിരികെയെത്തിച്ചു. പ്ലേ ഓഫ് സാധ്യതകള്‍ കരിനിഴലിലായ ചെന്നൈ എട്ട് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോല്‍പ്പിച്ചത്. ചെന്നൈയുടെ നാലാം വിജയമാണിത്. സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ്് ബെംഗളൂരു: 20 ഓവറില്‍ ആറു വിക്കറ്റിന് 145. ചെന്നെ സൂപ്പര്‍ കിങ്സ് 18.4 ഓവറില്‍ രണ്ട് വിക്കറ്റിന് 150.
146 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. ഗെയ്ക്വാദ് 51 പന്തില്‍ നാലു ഫോറും മൂന്ന് സിക്സറും സഹിതം 65 റണ്‍സുമായി അജയ്യനായി നിന്നു. ഐപിഎല്ലില്‍ ഈ യുവബാറ്റ്സ്മാന്റെ കന്നി അര്‍ധ സെഞ്ചുറിയാണിത്. പത്തൊമ്പതാം ഓവറിലെ നാലാം പന്ത് സിക്സര്‍ പറത്തിയാണ് ഗെയ്ക്വാദ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചത്. കളിയിലെ കേമനും ഗെയ്ക്വാദ്.
ചെന്നൈയ്ക്കായി ഓപ്പണര്‍ ഡുപ്ലെസിസും അമ്പാട്ടി റായുഡുവും മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ വിക്കറ്റില്‍ ഗെയ്ക്വാദുമൊത്ത് ഡുപ്ലെസിസ് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 13 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സറും അടക്കം 25 റണ്‍സ് കുറിച്ചാണ് ഡുപ്ലെസിസ് മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ റായുഡുവും ഗെയ്ക്വാദിന് മികച്ച പിന്തുണ നല്കി. രണ്ടാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് റായുഡു കളിക്കളം വിട്ടത്. 27 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സറും പറത്തിയ റായുഡു 39 റണ്‍സ് എടുത്തു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ധോണിക്കൊപ്പം ഗെയ്ക്വാദ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ധോണി 19 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 145 റണ്‍സ് എടുത്തു. കോഹ്ലി 43 പന്തില്‍ 50 റണ്‍സ് നേടി. ഒരു ഫോറും ഒരു സിക്സറും ആ ബാറ്റില്‍ നിന്ന് പിറന്നു. എ.ബി. ഡിവില്ലിയേഴ്സ്് (39), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (22) എന്നിവരും മികവ് കാട്ടി. ചെന്നൈ സൂപ്പര്‍ കിങ്സിന് ഈ വിജയത്തോടെ 12 മത്സരങ്ങളില്‍ എട്ട് പോയിന്റായി. അതേസമയം റോയല്‍ ചലഞ്ചേഴ്സ്് 11 മത്സരങ്ങളില്‍ പതിനാല് പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: