കോഴിക്കോട്: സിപിഎം നേതൃത്വം നല്കുന്ന കോഴിക്കോട് കോര്പ്പറേഷന് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്. ഒക്ടോബര്‍ 27 മുതല്‍ കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സപ്തദിനസത്യഗ്രഹം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃയോഗം തീരുമാനിച്ചു.
യോഗത്തില്‍ ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ സമരപ്രഖ്യാപനം നടത്തി. 1962ല്‍ കോഴിക്കോട് കോര്പറേഷന് നിലവില്‍ വന്നത് മുതല്‍ നാലു പതിറ്റാണ്ടിലധികമായി തുടര്‍ച്ചയായി കോര്പ്പറേഷന് ഭരിക്കുന്നവര്‍ നഗരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ പരാജയമാണെന്ന് പി. ജിജേന്ദ്രന്‍ പറഞ്ഞു.
നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അമൃത് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ കോഴിക്കോട് കോര്പ്പറേഷന് പൂര്‍ണ്ണ പരാജയമാണ്. മേയറെ നോക്കുകുത്തിയാക്കി ചില ഉപജാപക സംഘങ്ങളാണ് ഭരണം കയ്യാളുന്നത്. കോര്‍പ്പറേഷനില്‍ ഇപ്പോള്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. കോര്‍പ്പറേഷന്റെ ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിച്ച് മറ്റൊരു സ്വപ്നസുരേഷ് പ്രവര്‍ത്തിക്കുന്നു. കോഴിക്കോട്ടെ ഒരു എംഎല്‍എയുടെ അനുഗ്രഹാശിസുകളോടെ കോര്‍പ്പറേഷന്റെ പല പദ്ധതികളുടെയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് ഇവര്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റിയിരിക്കുന്നു. യാതൊരു മുന്‍പരിചയവും ക്രെഡിബിലിറ്റിയും ഇല്ലാത്ത ഇവരുടെ എജന്‍സിക്ക് ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കുകയാണ്.
ഇവരുടെ ഏജന്‍സി തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം പദ്ധതി ഏറ്റെടുക്കാന്‍ കമ്പനികള്‍ തയ്യാറാകാത്തതിനാല്‍ ഇതു ഉപേക്ഷിച്ച് പുതിയ ഡിപിആര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കണ്‍സള്‍ട്ടന്‍സി ഫീസായി ലക്ഷങ്ങള്‍ കോര്പറേഷന് നഷ്ടം വന്നു. നഗരസഭ ഭരണകര്‍ത്താക്കള്‍ നടത്തിയ ഈ അഴിമതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: