കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തില്‍ സ്ഥിരീകരണവുമായി ഡോക്ടര്‍ രംഗത്ത്. കോവിഡ് രോഗിയായിരുന്ന സി.കെ. ഹാരിസ് മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറികിടന്നതിനാലാണെന്നുള്ള നഴ്സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ലെന്ന് വനിത ഡോക്ടര്‍ നജ്മ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയതാണെന്നും സത്യം പുറത്തുപറഞ്ഞ നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേടാണെന്നും നജ്മ വ്യക്തമാക്കി.
വെന്റിലേഷന് ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ചില നഴ്സിംഗ് ജീവനക്കാര്‍ അശ്രദ്ധമായി പെരുമാറുന്നുണ്ട്. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്സിജന്‍ ലഭിച്ചില്ലെന്നും നജ്മ വ്യക്തമാക്കി. എന്നാല്‍ ഹാരീസിന് നല്കിയ ശ്വസന സഹായിയുടെ ട്യൂബ് ഊരി പോകുന്നതല്ലെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നല്കുന്ന വിശദീകരണം. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജീവനക്കാരുടെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് നഴ്സിംഗ് ഓഫീസറെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് അറിയിച്ചത്. സംഭവത്തില്‍ അന്വഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ജന്മഭൂമി ഓണ്‍ലൈനാണ് നഴ്സിംഗ് ഓഫീസറുടെ ശബ്ദരേഖ അടക്കം വാര്‍ത്ത പുറത്തുവിട്ടത്.
ജൂലൈ 20നാണ് പള്ളുരുത്തി സ്വദേശിയായ ടി.കെ. ഹാരിസ് കൊറോണ ബാധിച്ച് മരിക്കുന്നത്. ഇയാളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാവുകയും വാര്‍ഡിലേക്ക് മാറ്റാനിരിക്കേയാണ് ഇയാള്‍ മരണപ്പെടുന്നത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ സംശയം ഉന്നയിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇടപെട്ട് മരണം ചികിത്സാ പിഴവ്കാരണമല്ലെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.
ഐസിയു വെന്റിലേറ്ററില്‍ കഴിയുന്ന പല രോഗികള്‍ക്കും നേഴ്സുമാരുടേയും മറ്റും അനാസ്ഥകൊണ്ട് മരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ അധികൃതര്‍ ഒരു നടപടിയും എടുക്കാന്‍ തയ്യാറായിട്ടില്ലെന്നും ഇവര്‍ പറയുന്നുണ്ട്.
കേരളത്തിലെ കൊറോണ പ്രതിരോധങ്ങള്‍ വിലയിരുത്തുന്നതിനായാണ് കേന്ദ്ര സംഘം എറണാകുളം മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ കേന്ദ്ര സംഘത്തിന്റെ കണ്ണില്‍ പൊടിയിടുന്നതിനായി മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടയുള്ളവ പരിശോധിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളാനും, ഐസിയു, വാര്‍ഡ് എന്നിവിടങ്ങള്‍ വൃത്തിയാക്കി ഓക്സിജന്‍ മാസ്ക് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കൃത്യമായാണോ നല്‍കിയതെന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: