തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ഗണ്മാന് പ്രജീഷിന്റെ മൊബൈല്‍ എടപ്പാളിലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
പ്രജീഷിന്റെ സുഹൃത്തുക്കളേയും കസ്റ്റംസ് ചോദ്യം ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്റെ ഫോണില്‍ നിന്ന് വിളിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. റംസാന് കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാട് സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങള്‍ അടക്കം നിലനില്‍ക്കെയാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ അന്വേഷണ ഏജന്‍സികള്‍ രണ്ട് വട്ടം ചോദ്യം ചെയ്തിരുന്നു. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: