തിരുവല്ല: ജില്ലയിൽ കോവിഡ് ബാധിച്ച രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുന്നു. ഇന്നലെ വരെ ജില്ലയിൽ 9966 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7296 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു. ഇതിനിടെ മരണസംഖ്യ 63 ആയി. മരിക്കുന്നവരിൽ അധികവും വയോജനങ്ങളാണെന്നത് ആശങ്കയുണ്ടാക്കുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മരിക്കുന്നവരിൽ 70 ശതമാനം പേരും വയോജനങ്ങളാണ്. 65 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ഹൈ റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഇവർ പരമാവധി സമ്പർക്കമില്ലാതെ വീടിനുള്ളിൽ കഴിയണമെന്നാണ് സർക്കാരും ആരോഗ്യവകുപ്പും നിരന്തരം ആവശ്യപ്പെടുന്നത്.ജീവിത ശൈലി രോഗമുള്ളവർ ഉൾപ്പെടെ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഈ സാഹചര്യത്തിൽ റിവേഴ്സ് ക്വാറന്റൈൻ ഫലപ്രദമായി നടപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നു.
രോഗികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധത്തിൽ ഉയരുമ്പോഴും പരിശോധന നിരക്കിൽ ഏറ്റക്കുറച്ചിൽ ദൃശ്യമാണ്. കഴിഞ്ഞ ദിവസം ആയിരത്തിൽ താഴെ സാമ്പിളാണ് പരിശോധിച്ചെങ്കിൽ ഇന്നലെ 2220 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. സാമ്പിളുകളുടെ എണ്ണം ഉയർന്നതിനാൽ ഫലം കിട്ടാനും താമസം നേരിടുകയാണ്.ചില ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയാൻ കാരണം പരിശോധന ഫലങ്ങൾ ലഭിക്കാത്തതാണ്.
ഇന്നലെ ജില്ലയിൽ ഒരു മരണമാണ് സ്ഥിരീകരിച്ചത്. 295 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതിൽ 219 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 25 പേരുണ്ട്.പത്തനംതിട്ട -33,പള്ളിക്കൽ -28,തിരുവല്ല-25 എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: