തിരുവനന്തപുരം: റെഡ്ക്രസന്റ്-യൂണിടാക് കരാറിലെ ക്രമക്കേട് സംബന്ധിച്ച് സിബിഐ അന്വേഷണം തുടരുന്നതിനിടെ ലൈഫ് മിഷന് പദ്ധതയിലെ മറ്റൊരു അഴിമതി പുറത്തു വന്നു.
പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ സിപിഎം ഭരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ പഞ്ചായത്തിലാണ് വന്‍ അഴിമതി. ഫഌറ്റ് നിര്‍മ്മിക്കാന്‍ ചട്ടവിരുദ്ധമായി ഏറ്റെടുത്തത് പഞ്ചായത്ത് അംഗത്തിന്റെ ഭൂമി. ഭൂമി ഏറ്റെടുക്കാന്‍ പഞ്ചായത്തീരാജ് നിയമങ്ങള്‍ അട്ടിമറിച്ചു. ഏറ്റെടുത്തത് ചെങ്കുത്തായ, ഉപയോഗ ശൂന്യമായ സ്ഥലമെന്നും ആരോപണം. ഭൂമി വാങ്ങിയത് പഞ്ചായത്തില്‍ ആവശ്യത്തിലധികം മിച്ചഭൂമി ഉള്ളപ്പോള്‍.
കിളിമാനൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ എ.ബിന്ദുവിന്റേയും അവരുടെ ഭര്‍തൃസഹോദരിയുടേയും 1.44 ഏക്കര്‍ ഭൂമി 64,08,000 രൂപയ്ക്കാണ് പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയത്. ഇത് അംഗീകരിച്ച യോഗത്തില്‍ ബിന്ദുവും പങ്കെടുത്തിരുന്നു. ബന്ധുക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും തീരുമാനമെടുക്കുന്നതില്‍ നിന്ന് പഞ്ചായത്ത് അംഗങ്ങള്‍ വിട്ടുനില്‍ക്കണമെന്നാണ് പഞ്ചായത്തീരാജ് ചട്ടം 161(5) ല്‍ പറയുന്നത്. എന്നാല്‍ ഭൂമിയിടപാട് പാസാക്കിയ യോഗത്തിലെ ആദ്യ പേര് തന്നെ ഭൂമിയുടെ ഉടമസ്ഥ ബിന്ദുവിന്റേതാണ്. പഞ്ചായത്ത് തീരുമാനം അംഗീകരിച്ച് ബിന്ദു മിനിട്സില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
പഞ്ചായത്ത് വക മിച്ചഭൂമി 4.5 ഏക്കര്‍ തോപ്പില്‍ മുളയ്ക്കലത്തുകാവില്‍ ഉള്ളപ്പോഴാണ് വീണ്ടും ഭൂമി വാങ്ങിയത്. ഭൂമി ആവശ്യമുണ്ടെന്ന് കാട്ടി ദേശാഭിമാനിയില്‍ പരസ്യം നല്‍കിയതനുസരിച്ച് ബിന്ദുവും ഭര്‍തൃസഹോദരിയും അടക്കം നാലുപേരാണ് ഭൂമി നല്കാന് തയാറായത്. ഭൂമിയുടെ വില നിശ്ചയിക്കണം എന്ന് കാട്ടി വില്ലേജ് ഓഫീസര്‍ക്ക് പഞ്ചായത്ത് കത്ത് നല്കി. ഭൂമിയുടെ ആധാരപ്പകര്‍പ്പ്, ഉടമസ്ഥാവകാശ രേഖ, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണമെന്ന് വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്തിനെ അറിയിച്ചു.
എന്നാല്‍ ബിന്ദുവിനെയും ഭര്‍തൃസഹോദരിയെയും മാത്രമാണ് ഈ വിവരം പഞ്ചായത്ത് അറിയിച്ചത്. ഇതനുസരിച്ച് ബിന്ദുവിന്റെയും ഭര്‍തൃ സഹോദരിയുടെയും മാത്രം വസ്തുവിന്റെ രേഖകള്‍ വില്ലേജില്‍ നില്‍കി വില നിശ്ചയിച്ചു. മറ്റ് രണ്ട് പേരെയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതിനാല്‍ അവരെ അറിയിക്കാനായില്ലെന്നുമാണ് പഞ്ചായത്തിന്റെ ന്യായീകരണം.
പഞ്ചായത്ത് ഏറ്റെടുത്ത ഭൂമി ഫഌറ്റ് നിര്‍മ്മാണത്തിന് യോഗ്യമല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കിളിമാനൂര്‍ മലയ്ക്കല്‍ തെന്നൂരില്‍ ചെങ്കുത്തായ കുഴികളുള്ള ഭൂമി ഏറെ നാളായി വില്പ്പനയ്ക്കിട്ടിരിക്കുകയായിരുന്നു. ഉയര്‍ന്ന വിലയ്ക്കാണ് ഭൂമി വാങ്ങിയതെന്നും ആരോപണമുണ്ട്. 106 കുടുംബങ്ങളാണ് ലൈഫിന്റെ പട്ടികയിലുള്ളത്.
ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ച യോഗത്തില്‍ സിപിഐയുടെ രണ്ട് അംഗങ്ങളും ബിജെപിയുടെ ഒരംഗവും കോണ്‍ഗ്രസ്സിന്റെ മൂന്നംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സിപിഐയുടെ എതിര്‍പ്പും മറികടന്നാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി ഭൂമി ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: