ഉച്ചാടനം ചെയ്യപ്പെട്ടു എന്നു പ്രബുദ്ധ കേരളം അവകാശപ്പെടുകയും, പലപ്പോഴും അഹങ്കരിക്കുകയും ചെയ്യുന്ന ജാതിപ്പിശാച് നമ്മുടെ സമൂഹത്തെ വിട്ടുപിരിഞ്ഞിട്ടില്ലെന്ന് ചെറുതും വലുതുമായ നിരവധി സംഭവങ്ങളിലൂടെ ഇതിനോടകം വ്യക്തമായിട്ടുള്ളതാണ്. അനശ്വര നടന് കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചത് കലാസാഹിത്യ മേഖലയിലും ജാതീയമായ വിവേചനങ്ങള്‍ നിലനിര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമമായേ കാണാനാവൂ. രാമകൃഷ്ണന് ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ അവസരം നല്‍കാമെന്ന് അക്കാദമി അധ്യക്ഷ കെപിഎസി ലളിത ഉറപ്പ് നല്‍കിയതാണെങ്കിലും അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍ അത് നിഷേധിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്നു പഠിപ്പിച്ച ഒരു മഹാഗുരുവിന്റെ നാടുതന്നെയാണോ ഇതെന്ന് സംശയിച്ചുപോകുന്നു.
ആര്‍എല്‍വി രാമകൃഷ്ണന് നൃത്തം അവതരിപ്പിച്ചാല്‍ സംഗീത നാടക അക്കാദമിയുടെ നിലവാരവും പ്രതിച്ഛായയും നഷ്ടപ്പെടുമെന്നുപറഞ്ഞാണ് സെക്രട്ടറി തനിക്ക് അവസരം നിഷേധിച്ചതെന്ന് വെളിപ്പെടുത്തിയ രാമകൃഷ്ണന്, ഈ നടപടിയില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. മോഹിനിയാട്ടത്തില്‍ ഡോക്ടറേറ്റുള്ള രാമകൃഷ്ണന് വര്‍ഷങ്ങളായി നൂറുകണക്കിന് വേദികളില്‍ ഈ കലാരൂപം അവതരിപ്പിച്ച് ആസ്വാദകരുടെ പ്രശംസ നേടിയിട്ടുള്ളതാണ്. ഇങ്ങനെയൊരാള്‍ അക്കാദമിയില്‍ കലാപ്രകടനം നടത്തിയാല്‍ സ്ഥാപനത്തിന്റെ നിലവാരവും പ്രതിച്ഛായയും നശിക്കുമെന്ന വാദം കടുത്ത ജാതി വിവേചനമായിട്ടേ കാണാനാവൂ. ഇതിന് ഉത്തരവാദികളായവര്‍ സംഗീതനാടക അക്കാദമിയെപ്പോലുള്ള ഒരു സാംസ്കാരിക സ്ഥാപനത്തില്‍ തുടരാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ അക്കാദമിയുടെ നിലവാരവും പ്രതിച്ഛായയും നശിപ്പിച്ചത് ഈ സെക്രട്ടറി തന്നെയാണ്.
സൂര്യ കൃഷ്ണമൂര്‍ത്തി അധ്യക്ഷനായിരിക്കെ ആര്‍എല്‍വി രാമകൃഷ്ണന് സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ അതിന് വിലക്കുവന്നിരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിഷ്ഠിച്ച ഭരണസമിതിയുടെ നയമായിട്ട് കണക്കാക്കേണ്ടിവരും. ജാതീയമായ മുന്‍വിധികള്‍ വച്ചുപുലര്‍ത്തുന്ന സെക്രട്ടറി അധഃസ്ഥിത സമുദായത്തില്‍പ്പടുന്ന രാമകൃഷ്ണനെ ബോധപൂര്‍വം തന്നെ അവഹേളിച്ചിരിക്കുകയാണ്. ജാതീയതയുടെ മതില്‍ക്കെട്ടിനുള്ളില്‍ തളച്ചിടേണ്ടതല്ല ഒരു കലയും. ഏതൊരു കലാരൂപമെടുത്താലും അവയില്‍ അദ്ഭുതകരമായ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന വിവിധ സമുദായങ്ങളില്‍പ്പെടുന്നവര്‍ എത്ര വേണമെങ്കിലുമുണ്ട്. ഇതാണ് പതിറ്റാണ്ടുകളായുള്ള സ്ഥിതിയെന്നിരിക്കെ കലയെ ജാതീയമായി കള്ളിതിരിക്കാനുള്ള ശ്രമം അത്യന്തം പ്രതിലോമകരമാണ്. സാമുദായിക ഐക്യത്തെപ്പോലും ഇത് ശിഥിലമാക്കും.
സിപിഎം നേതൃത്വം നല്കുന്ന ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍, അവര്‍ പ്രതിഷ്ഠിച്ച ഒരു ഭരണ സമിതിയില്‍നിന്നാണ് കലാ കേരളത്തിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്. തങ്ങള്‍ പറയുന്നത് ചെയ്യുന്നയാളുകളെന്ന നിലയ്ക്കാണ് കെപിഎസി ലളിതയ്ക്കും രാധാകൃഷ്ണന് നായര്‍ക്കും സംഗീതനാടക അക്കാദമിയില്‍ പദവികള്‍ ലഭിച്ചത്. രാധാകൃഷ്ണന് നായരാണെങ്കില്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന സമിതിയംഗവുമാണ്. ഇവരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന ജാതീയമായ വിവേചനത്തിന് ഇടതുമുന്നണി സര്‍ക്കാര്‍, വിശേഷിച്ച് സാംസ്കാരിക വകുപ്പ് സമാധാനം പറയണം. ക്രൈസ്തവ സഭകളുടെ വികാരം വ്രണപ്പെടുമെന്ന് ഭയന്ന് സര്‍ക്കാരിന്റെ കാര്‍ട്ടൂണ്‍ പുരസ്കാരം തിരിച്ചെടുക്കാന്‍ മടിക്കാതിരുന്ന സാംസ്കാരിക മന്ത്രിയാണ് എ.കെ. ബാലന്. ആര്‍എല്‍വി രാമകൃഷ്ണന് ജാതീയമായി അധിക്ഷേപിക്കപ്പെട്ടതില്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് മന്ത്രി വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: