തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ തീവെച്ച് നശിപ്പിച്ചതാണെന്ന ബി.ജെ.പി നിലപാട് ശരിവെക്കുന്നതാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. തിരുവനന്തപുരം ജുഡീഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടമറിക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിതമായ നീക്കമാണ് തീവെപ്പിന് പിന്നിലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. തീവെപ്പിന് ഒരുമാസം മുമ്പ് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സെക്രട്ടറിയേറ്റില്‍ തീപ്പിടുത്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ തകര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതിനെ സാധൂകരിക്കുന്ന ഒരു കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെ തന്നെയാണ് ഈ സര്‍ക്കുലറും. അഗ്നിബാധ ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സര്‍ക്കാരാണോ പിണറായി വിജയന്റേതെന്ന് അന്നേ ബി.ജെ.പി ചോദിച്ചിരുന്നതായും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
തീകത്തുന്ന സമയത്ത് എങ്ങനെയാണ് അഡീഷണല്‍ സെക്രട്ടറിക്ക് ഇന്ന ഫയലുകളാണ് കത്തിയതെന്ന് പറയാന്‍ സാധിക്കുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കാനാണ് ഇവിടെ തീവെച്ചത്. ഈ കാര്യങ്ങളെല്ലാം എന്‍.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി എന്തിനാണ് സെക്രട്ടറിയേറ്റില്‍ നിന്നും മാദ്ധ്യമങ്ങളെ ഓടിച്ചതെന്ന് ഇപ്പോള്‍ എല്ലാവര്ക്കും മനസിലായി കഴിഞ്ഞു. സത്യം തുറന്ന് പറഞ്ഞ തനിക്കും മാദ്ധ്യമങ്ങള്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇവിടെയും പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: